You are here:

Jayachandran.K.

കെ.ജയചന്ദ്രന്‍ ആധുനിക മലയാള മാധ്യമപ്രവര്‍ത്തനത്തിന് മനുഷ്യമുഖം മാത്രമല്ല, പോരാട്ടമുഖവും നല്‍കിയ മാധ്യമപ്രവര്‍ത്തകനാണ് കെ.ജയചന്ദ്രന്‍. മലയാളത്തില്‍ മനുഷ്യാവകാശ ബോധത്തിലൂന്നിയ പത്രപ്രവര്‍ത്തന ശൈലി വാര്‍ത്തെടുത്ത, ഏറെ അസാധാരണത്വങ്ങളും അപൂര്‍വതകളുമുള്ള ഈ പത്രപ്രവര്‍ത്തകന്‍ അകാലത്തിലാണ് വിട്ടുപിരിഞ്ഞത്. കോഴിക്കോട് കായണ്ണയില്‍ കോമത്ത് കൃഷ്ണന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി 1951 ല്‍ ജയചന്ദ്രന്‍ ജനിച്ചു. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റി ജേണലിസം ആദ്യബാച്ചില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തരബിരുദം നേടി. പി.വി.ഗംഗാധരന്റെ ഷൂട്ട് എന്ന സിനിമാപ്രസിദ്ധീകരണത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടക്കുന്നത്. 1979 ല്‍ മാതൃഭൂമിയില്‍ പാര്‍ട്ട് ടൈം ലേഖകനായി ചേര്‍ന്നു. എണ്‍പതുകളില്‍ വയനാട് ജില്ലാ ലേഖകനായി എഴുതിയ റിപ്പോര്‍ട്ടുകളാണ് ജയചന്ദ്രനെ ശ്രദ്ധിക്കപ്പെടുന്ന പത്രപ്രവര്‍ത്തകനാക്കി മാറ്റിയത്. ആദിവാസികളുടെയും കര്‍ഷകത്തൊഴിലാളികളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങളുയര്‍ത്തുന്നതും പരിസ്ഥിതിവിരുദ്ധ വികസന നയങ്ങളുടെയും അഴിമതികളും അധികാരശക്തികളുടെ ചൂഷക-മര്‍ദ്ദക നയങ്ങളെയും തുറന്നുകാട്ടുന്നതുമായിരുന്നു വാര്‍ത്തകളേറെയും. മനുഷ്യാവകാശലംഘനങ്ങള്‍ക്കും പോലീസ് അതിക്രമങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളായി അദ്ദേഹത്തിന്റെ വാര്‍ത്താപരമ്പരകള്‍. 1984 ല്‍ വെള്ളപ്പൊക്കത്തില്‍ ചത്ത മാനിന്റെ ഇറച്ചി പോലീസ് ജീപ്പില്‍ കയറ്റുന്ന ഫോട്ടോ പ്രസിദ്ധപ്പെടുത്തിയത് പോലീസ് ശത്രുതാപരമായാണ് നോക്കിക്കണ്ടത്. കള്ളക്കേസ് ചുമത്തി രാത്രി അറസ്റ്റ് ചെയ്തത് വലിയ ഒച്ചപ്പാടുണ്ടാക്കി. സ്റ്റാഫ് ലേഖകനായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കോഴിക്കോട് ബ്യൂറോയിലേക്ക് മാറി. മാതൃഭൂമിയിലെ ജോലി ഉപേക്ഷിച്ച ശേഷം, അന്ന് പുതുതായി ആരംഭിച്ച സദ് വാര്‍ത്ത പത്രത്തില്‍ കുറച്ച് കാലം ലേഖകനായി. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ കോഴിക്കോട് ബ്യൂറോ ചീഫായി. വാര്‍ത്തകള്‍ക്ക് പുറമെ അന്വേഷണം, കണ്ണാടി എന്നിവയിയ്ക്ക് ഏറെ ദൃശ്യകഥകള്‍ സംഭാവന ചെയ്തു. തിരുവനന്തപുരം ബ്യൂറോവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ സ്വദേശത്തേക്ക് വന്ന നാളില്‍ ഹൃദയാഘാതമുണ്ടായി 1998 നവമ്പര്‍ 24 ന് കോഴിക്കോട്ട് അന്തരിച്ചു. മികച്ച പത്രറിപ്പോര്‍ട്ടിന് കേരള പ്രസ് അക്കാദമി ഏര്‍പ്പെടുത്തിയ ആദ്യത്തെ വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് ജയചന്ദ്രനാണ് ലഭിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രവര്‍ത്തകനായിരുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബ് സിക്രട്ടറിയായിരുന്നിട്ടുണ്ട്. വയനാട്ടിലെ ആദിവാസി ജീവിതം ചിത്രീകരിക്കുന്ന ദ ട്രാപ്ഡ് എന്ന ഹ്രസ്വചിത്രം ദേശീയ ബഹുമതിക്ക് അര്‍ഹമായി. സാമൂഹ്യപ്രവര്‍ത്തകയായ അഡ്വ. കെ.ആനന്ദകനകം ആണ് ഭാര്യ. മകള്‍ ക്രിസ്റ്റീന.

കെ.ജയചന്ദ്രന്‍ എന്ന പേരില്‍ ഒരു അനുസ്മരണഗ്രന്ഥം 1999 ലും കെ.ജയചന്ദ്രന്റെ പത്രപ്രവര്‍ത്തക-സാഹിത്യ രചനകളുടെ തിരഞ്ഞെടുത്ത സമാഹാരം -വാസ്തവം-  2000ലും  കോഴിക്കോട് ജയചന്ദ്രന്‍ സുഹൃദ്‌സംഘം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.