You are here:

John P. S.

മൂന്നു പതിറ്റാണ്ടുകാലം  കേരള രാഷ്ട്രീയത്തിലെ ഉള്ളൊഴുക്കുകള്‍ മനസ്സിലാക്കുകയും ഉരുള്‍ പൊട്ടലുകള്‍ക്ക് സാക്ഷിയാകുകയും ചെയ്ത പത്രപ്രവര്‍ത്തകനാണ് പി.എസ്.ജോണ്‍. എ.പി.ഉദയഭാനു, പി.വി.തമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ഡെമോക്രാറ്റിക് പബ്ലിക്കേഷന്‍സിന്റെ 'ദീനബന്ധുവി'ലും  ഡെമോക്രാറ്റിക് തിയേറ്റേഴ്‌സിലും എക്‌സ് - കമ്മ്യൂണിസ്റ്റ് ഫോറത്തിലും സക്രിയ സാന്നിദ്ധ്യമായിരുന്നു ജോണ്‍.  
എറണാകുളത്ത് ദീനബന്ധുവിലൂടെയാണ് പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്.  ലേഖകന്‍ മാത്രമല്ല ദീനബന്ധുവിന്റെ നടത്തിപ്പുകാരിലൊരാളുമായിരുന്നു ജോണ്‍.  കുറച്ചുകാലം എക്‌സ്പ്രസ് ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.  തുടര്‍ന്ന് മനോരമയുടെ എറണാകുളം ബ്യൂറോയില്‍ അംഗമായി.  79-ല്‍ മനോരമ കൊച്ചി എഡിഷന്‍ ആരംഭിച്ചതു മുതല്‍ ബ്യൂറോ ചീഫാണ്.
പൂര്‍ണ്ണസമയ പത്രപ്രവര്‍ത്തകനായതോടെ നേരത്തെയുണ്ടായിരുന്ന സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.  രാഷ്ട്രീയ ആചാര്യന്മാര്‍ തൊട്ട് സാധാരണ പ്രവര്‍ത്തകന്മാര്‍ വരെയുള്ളവരോട് അപ്പോഴും ഔദ്യോഗിക ജീവിതത്തിനപ്പുറമുള്ള ഹൃദയബന്ധം നിലനിറുത്തിയിരുന്നു.  
എറണാകുളത്ത് പത്രപ്രവര്‍ത്തക യൂണിയന്റെയും പ്രസ് ക്ലബിന്റെയും സ്ഥാപക നേതാക്കളിലൊരാളാണ്.  പലതവണ പ്രസ് ക്ലബ് പ്രസിഡന്റായിരുന്നു.  പത്രപ്രവര്‍ത്തകരുടെ പാര്‍പ്പിടപ്രശ്‌നം പരിഹരിക്കാന്‍ ഭവന പദ്ധതി വിഭാവനം ചെയ്തതില്‍ ജോണിന് വലിയൊരു പങ്കുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സജീവ സംഘാടകനുമായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം ടി.വി. പുരം പടിക്ക പറമ്പില്‍ സെബാസ്റ്റ്യന്റെ പുത്രനായി 1933-ലാണ് ജനനം.  വിദ്യാഭ്യാസ കാലത്ത് സ്റ്റുഡന്‍സ് ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.  വൈക്കത്ത് ലീലാ ബുക്ക് ഹൗസ് എന്ന പുസ്തകശാല നടത്തിയിരുന്നു.
ജെസ്സമ്മയാണ് ഭാര്യ.  മക്കള്‍  മോന്‍സി, ഡോസി, സീമോള്‍.  കേരള കോഗ്രസ് നേതാവ് സി.എഫ്.തോമസ് ജോണിന്റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവാണ്.  1994 ഏപ്രിലില്‍ ജോണ്‍ അന്തരിച്ചു.

 

 

Previous:
Next: