You are here:

Pavanan

പവനന്‍

പത്രപ്രവര്‍ത്തകനും നിരൂപകനും യുക്തിവാദി പ്രസ്ഥാന നേതാവും ചിന്തകനും ഗ്രന്ഥകാരനുമായിരുന്നു പവനന്‍. 
ജനനം 1928 ഒക്‌റ്റോബര്‍ 26 ന് തലശ്ശേരിയിലെ വയലളത്ത്. അച്ഛന്‍: കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശങ്കരക്കുറുപ്പ്. അമ്മ: ദേവകിയമ്മ

പി.വി.നാരായണന്‍ നായര്‍ എന്നായിരുന്നു ആദ്യത്തെ പേര്.

സൈനിക സേവനത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് സഹകരണവകുപ്പില്‍ ഇന്‍സ്‌പെക്റ്ററായി ചേര്‍ന്നു. വൈകാതെ പത്രപ്രവര്‍ത്തനരംഗത്തേക്ക് കടന്നു. ജയകേരളം, പൗരശക്തി, ദേശാഭിമാനി, ഇന്ത്യാപ്രസ് ഏജന്‍സി, നവയുഗം വാരിക, നവജീവന്‍ എന്നിവയുടെ പത്രാധിപസമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്യൂണിസം കാഴ്ച്ചപ്പാടായി സ്വീകരിച്ച് യുക്തിവാദം ജീവിതവഴിയാക്കിയ പൊതുപ്രവര്‍ത്തകനായിരുന്നു പവനന്‍. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് തിരുവനന്തപുരത്ത് ദേശാഭിമാനി ലേഖകനായിരുന്നു. ജയകേരളം പ്രസിദ്ധീകരണത്തിന് വേണ്ടി കുറെക്കാലം മദിരാശിയില്‍ ജീവിച്ചു. 

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സിക്രട്ടറി, മദ്രാസില്‍ സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്റ്റൈല്‍ എഡിറ്റര്‍, യുക്തിരേഖ എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി സിക്രട്ടറി( 1977-84) മനോരാജ്യം, കേരളഭൂഷണം ഗ്രൂപ്പ് ജനറല്‍ എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഇന്ത്യാഗവണ്മെന്റിന്റെ എമിററ്റസ് ഫെലോഷിപ്പ്, സോവിയറ്റ്‌ലാന്‍ഡ് നെഹ്‌റു അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി.അവാര്‍ഡ്, മഹാകവി ജി. അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 

തിരഞ്ഞെടുത്ത പ്രബന്ധങ്ങളും ആത്മകഥയും ഉള്‍പ്പെടെ നാല്പത് പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 
ഭാര്യ: സി.പി.പാര്‍വതി മക്കള്‍: ഡോ.സി.പി.രാജേന്ദ്രന്‍, സിപി.സുരേന്ദ്രന്‍, സിപി.ശ്രീരേഖ
2006 ജൂണ്‍  22 ന് അന്തരിച്ചു. 

Previous:
Next: