You are here:

Rajagopal.V

പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു വി. രാജഗോപാല്‍. 34 വര്‍ഷത്തെ സേവനത്തിനുശേഷം 2013 ഫിബ്രുവരി 28 ന് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു.

 വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ രാജഗോപാല്‍ 1973ല്‍ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിയൂണിയന്‍ സെക്രട്ടറിയായിരുന്നു. 1974ല്‍ ചെയര്‍മാനുമായി. അടിയന്തരാവസ്ഥയോടെ സജീവരാഷ്ട്രീയത്തില്‍നിന്ന് മാറി.

കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1969 മുതല്‍ പത്രപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. മോസ്‌കോ, ലോസ് ആഞ്ജലീസ്, സോള്‍, ബാഴ്‌സലോണ, അറ്റ്‌ലാന്റ ഒളിമ്പിക്‌സിനൊപ്പം സിങ്കപ്പൂരില്‍നടന്ന ഒന്നാം യൂത്ത് ഒളിമ്പിക്‌സും അഞ്ച് ഏഷ്യന്‍ഗെയിംസും റിപ്പോര്‍ട്ട്‌ചെയ്ത ഇന്ത്യയിലെ ഏക സ്‌പോര്‍ട്‌സ് ലേഖകനാണ് രാജഗോപാല്‍. 1998 ലോസെയ്ന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പടക്കം ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ അന്താരാഷ്ട്രമത്സരങ്ങള്‍ 'മാതൃഭൂമി'ക്കുവേണ്ടി റിപ്പോര്‍ട്ട്‌ചെയ്തു. ഭോപ്പാല്‍ ദുരന്തവും നാല് പൊതു തിരഞ്ഞെടുപ്പും റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്.

രാഷ്ട്രപതി കെ.ആര്‍.നാരായണന്റെയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെയും മുഖ്യമന്ത്രി ഇ.കെ.നായനാരുടെയുംകൂടെ ഔദ്യോഗിക യാത്രാസംഘങ്ങളില്‍ അംഗമായിരുന്നു. സോവിയറ്റ് യൂണിയന്‍, ബ്രിട്ടന്‍, അമേരിക്ക, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, യു.എ.ഇ., മലേഷ്യ, തായ്‌ലന്‍ഡ് തുടങ്ങി 47 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഒരേയൊരു ഉഷ, പറയാത്ത യാത്രാമൊഴി, ഓര്‍മകളുടെ ട്രാക്കില്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാജീവ്ഗാന്ധി പുറത്തിറക്കിയ 'ഒരേയൊരു ഉഷ'യ്ക്ക് മികച്ച രചനയ്ക്കുള്ള എല്‍.എന്‍.സി.പി.ഇ. ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച സ്‌പോര്‍ട്‌സ് ലേഖകനുള്ള 1994ലെയും 1998ലെയും കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും 2008ല്‍ ഡാലസിന്‍ അമേരിക്കന്‍ മലയാളികളുടെയും പുരസ്‌കാരം ലഭിച്ചു.

ലോകപ്രശസ്ത ഹര്‍ഡലര്‍ എഡ്വിന്‍ മോസസ് ചെയര്‍മാനായ ലോറസ് ലോക സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ നിര്‍ണയിക്കാനുള്ള അന്താരാഷ്ട്ര മീഡിയാപാനലില്‍ ഇന്ത്യയില്‍നിന്നുള്ള ഏക അംഗമാണ്. 2008ല്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും 2012ല്‍ ലണ്ടനിലും ലോറസ് ലോക അക്കാദമിയുടെ ഔദ്യോഗിക ക്ഷണിതാവായിരുന്നു.

 മാതൃഭൂമിയുടെ കോഴിക്കോട് ബ്യൂറോചീഫും കൊല്ലം, മലപ്പുറം യൂണിറ്റുകളില്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. റാണിയാണ് ഭാര്യ. അഖിലും നിഖിലുമാണ് മക്കള്‍.