You are here:

Ravi Kuttikad

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചെങ്കിലും മാധ്യമരംഗത്തും സംഘടനാ പ്രവര്‍ത്തനത്തിലും  സാഹിത്യ - സാംസ്‌കാരിക രംഗത്തും സജീവമാണ് രവി കുറ്റിക്കാട്.
എറണാകുളം ജില്ലയില്‍ പറവൂരിനടുത്ത് ചേന്ദമംഗലത്താണ് 1948 ഡിസംബര്‍ 28-ന് രവീന്ദ്രനാഥ് എന്ന രവി കുറ്റിക്കാട് ജനിച്ചത്.  അച്ഛന്‍ ബി.ജി.നാരായണനച്ചന്‍, അമ്മ സരോജിനിയമ്മ.
പാലിയം ഹൈസ്‌കൂളിലും എളന്തിക്കര ഹൈസ്‌കൂളിലും പഠിച്ചശേഷം ആലുവ യു.സി.കോളേജില്‍ ചേര്‍ന്നു.  എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം.  തൃശൂര്‍ കേരള വര്‍മ്മയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയശേഷം തൃശൂര്‍ വിമല കോളേജില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമ.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സങ്കേതം എന്ന മാസികയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു.  എന്‍.എസ് മാധവന്റേയും ടി.കെ.രാമചന്ദ്രന്റേയും ആദ്യപ്രസിദ്ധീകരണങ്ങള്‍ സങ്കേതത്തിലായിരുന്നു വെളിച്ചം കണ്ടത്.
1973-ല്‍ കേരള ടൈംസിന്റെ പറവൂര്‍ പ്രാദേശിക ലേഖകനായി.  ആരാലും ശ്രദ്ധിക്കപ്പെടാതെ ഏകാന്തജീവിതം നയിച്ചിരുന്ന കേസരി ബാലകൃഷ്ണപിള്ളയുടെ വിധവ ഗൗരിയെ കണ്ടെത്തി തയ്യാറാക്കിയ ഫീച്ചര്‍ ശ്രദ്ധേയമായി.  തുടര്‍ന്ന് ഇവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ജീവനാംശം അനുവദിച്ചു.
1974-ല്‍ ദേശാഭിമാനി പത്രാധിപസമിതി അംഗമായി.  റിപ്പോര്‍ട്ടര്‍ സബ്ബ് എഡിറ്റര്‍ തലത്തില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്ററായി.  ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ എഡിറ്ററായി 2008-ലാണ് വിരമിക്കുന്നത്.
നിരവധി പുരസ്‌കാരങ്ങള്‍ രവിയെ തേടിയെത്തിയിട്ടുണ്ട്.  അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള നാര്‍ക്കോട്ടിക് കൗസില്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് മയക്കുമരുന്നുകളുടെ അധോലോകത്തിലേക്ക് വെളിച്ചം വീശിയ ലേഖനങ്ങള്‍ക്കുള്ളതായിരുന്നു.  ചൊവ്വര പരമേശ്വരന്‍ അവാര്‍ഡും കെ. ദാമോദരന്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
'എന്തുചെയ്യണം?' എന്ന രവി കുറ്റിക്കാടിന്റെ നാടകത്തില്‍ മമ്മൂട്ടി അഭിനേതാവായിരുന്നു.  കേരളത്തില്‍ പലയിടത്തും ഈ നാടകം അരങ്ങേറിയിട്ടുണ്ട്.
ജനഹൃദയങ്ങളില്‍ ഒരു ന്യായാധിപന്‍ അനുഭൂതികളുടെ ചിറകില്‍ (ലേഖന സമാഹാരം) എന്നിവയും രവിയുടെ കൃതികളാണ്.
കാണാപ്പുറങ്ങളിലെ നായനാര്‍, കെ.പി.എ.സി. ലളിതയുടെ ജീവിതകഥ, പത്രപ്രവര്‍ത്തക ലീലാമേനോന്റെ നിലക്കാത്ത സിംഫണി, കലാമണ്ഡലം ഹൈദരലിയുടെ പുസ്തകം ഓര്‍ത്താല്‍ വിസ്മയം, മലയാള സിനിമയുടെ ചരിത്രം പറയുന്ന വെള്ളിത്തിര, കെ.പി.എ.സി. യുടെ യവനിക എന്നിവയുടെ എഡിറ്റിങ്ങ് നടത്തിയത് രവിയാണ്.  ജനഹൃദയങ്ങളില്‍ ഒരു ന്യായാധിപന്റെ തമിഴ് മൊഴിമാറ്റവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിലെ കലൂര്‍ എളമക്കരയില്‍ ത്രിവേണിയില്‍ താമസിക്കുന്നു.
ഭാര്യ: മീന, മക്കള്‍: പ്രശാന്ത്, പ്രിയ