You are here:

Sukumaran Pottekkat

പത്രപ്രവര്‍ത്തകനായി 36 വര്‍ഷം രംഗത്തുണ്ടായിരുന്ന സുകുമാരന്‍ പൊറ്റെക്കാട്ട് അദ്ധ്യാപകനും സാഹിത്യകാരനും രാഷ്ട്രീയപ്രവര്‍ത്തകനും വക്കീലുമൊക്കെയായിരുന്നു. 1926-ല്‍ തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനിച്ച പൊറ്റെക്കാട്ടിന്റെ അച്ഛന്‍ കൃഷ്ണന്‍.  അമ്മ കുഞ്ഞികുട്ടി. തൃശൂരിലും  എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം.  ഹൈസ്‌കൂള്‍ അദ്ധ്യാപകനായി കണ്ടശ്ശാംകടവിലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.  പെരിങ്ങോട്ടുകര  സ്‌കൂളിലും അദ്ധ്യാപകനായിരുന്നു. 1950-ലാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്.  ആദ്യം 'നവകേരള'ത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായി.  ഒപ്പം  തന്നെ 'രാഷ്ട്രവാണി'യുടെ മലയാളം എഡിറ്ററും.  1951ല്‍ മാതൃഭൂമി കോഴിക്കോട് എഡിഷനില്‍ സബ് എഡിറ്ററായി.  1988-ല്‍ ഡെപ്യൂട്ടി എഡിറ്ററായാണ്  മാതൃഭൂമിയില്‍ നിന്ന് വിരമിക്കുന്നത്.  മാതൃഭൂമിയുടെ ശക്തരായ മുഖപ്രസംഗമെഴുത്തുകാരില്‍ ഒരാളായിരുന്നു സുകുമാരന്‍ പൊറ്റെക്കാട്ട്.   മാതൃഭുമിയുടെ തിരുവനന്തപുരം എഡിഷനിലും ജോലി ചെയ്തിട്ടുണ്ട്. രാഷ്ട്രീയരംഗത്തും ശ്രദ്ധേയനായിരുന്നു പൊറ്റെക്കാട്ട്.  1957-ലെ ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ അദ്ദേഹം കോഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു.  എതിരാളി ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ  മന്ത്രിയായിരുന്ന  പ്രൊഫ.ജോസഫ് മുണ്ടശ്ശേരി. വിമോചന സമരകാലത്ത് ഒരു മാസം ജയില്‍ ശിക്ഷയ്ക്ക് വിധേയനായി.  1980-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എറണാകുളത്തും തൃശ്ശൂരും സ്വതന്ത്രനായി മത്സരിച്ചെങ്കിലും വിജയം കണ്ടില്ല. രണ്ടു വര്‍ഷം  സമസ്ത കേരള സാഹിത്യപരിഷത്ത് സെക്രട്ടറിയായിരുന്ന പൊറ്റെക്കാട്ട് മലയാള സാഹിത്യമണ്ഡലം, എഴുത്തുകാരുടെ അഖിലേന്ത്യ ഗില്‍ഡ് തുടങ്ങിയവയിലും അംഗമായിരുന്നു.  1980ല്‍ 'ആശയചക്രവാളം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തന രംഗത്തുനിന്ന് വിരമിച്ചശേഷം കേരള ഹൈക്കോടതിയില്‍ അഡ്വക്കേറ്റായി പ്രാക്ടീസ്് ചെയ്തിട്ടുണ്ട്.  നിയമ അദ്ധ്യാപകനായി ഭാരതീയ വിദ്യാഭവനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.  എഡിറ്റേഴ്‌സ് ഗില്‍ഡില്‍ അംഗമായിരുന്നു.ഇപ്പോള്‍ എറണാകുളം കലൂരില്‍ ആസാദ് റോഡില്‍ 'മമത'യില്‍ വിശ്രമ ജീവിതത്തിലാണ്.
ഭാര്യ :  മൂത്തകുന്നം എസ്.എന്‍.എം.ട്രെയിനിങ്ങ് കോളേജ് പ്രിന്‍സിപ്പിലായിരുന്ന പരേതയായ ഇ.വി.സരള.  മക്കള്‍ :  രേണു (കൊല്ലം), ലേഖ (എറണാകുളം സെന്റ് ജോസഫ്‌സ് ടി.ടി.ഐ അദ്ധ്യാപിക). മരുമക്കള്‍ : പ്രേംകുമാര്‍, ഹിരദാസ് (കെ.എഫ്.സി)

 

Previous:
Next: