You are here:

മാധ്യമ മ്യൂസിയം: പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരള പ്രസ് അക്കാദമി കൊച്ചി കാക്കനാട്ടെ കാമ്പസില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാധ്യമ മ്യൂസിയത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് അക്കാദമിയുടെ പ്രതിനിധിസംഘം മന്ത്രി കെ.സി. ജോസഫിന് സമര്‍പ്പിച്ചു. അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, വൈസ്‌ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം എന്‍. രാജേഷ്, അഡീഷണല്‍ സെക്രട്ടറി എന്‍.പി. സന്തോഷ് എന്നിവരടങ്ങിയ സംഘം മന്ത്രിയുമായി മ്യൂസിയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തി.

മ്യൂസിയോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ആര്‍. ചന്ദ്രന്‍പിള്ളയാണ് മ്യൂസിയത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രോജക്ടിന് പ്രാഥമിക അംഗീകാരം ലഭിച്ചശേഷം കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം തേടാനാവുമെന്ന് മന്ത്രി കെ.സി. ജോസഫ് പ്രതിനിധി സംഘത്തോട് പറഞ്ഞു.

പ്രസ് അക്കാദമി ആസ്ഥാനം സ്ഥിതിചെയ്യുന്ന കൊച്ചി കാക്കനാട്ടെ മൂന്ന് ഏക്കര്‍വരുന്ന കാമ്പസില്‍ ഇതിനാവശ്യമായ മൂന്നുനില കെട്ടിടം പണിയാന്‍ പ്രോജക്ട് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. കേരളീയ വാസ്തുശില്പ മാതൃകയിലുള്ള മൂന്നുനില കെട്ടിടമായാണ് മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. ഗാലറികള്‍. ലൈബ്രറി, ആര്‍ക്കൈവ്, ഇന്റര്‍ ആക്ടീവ് റൂം, എക്‌സിബിഷന്‍ സ്‌പേസ്, ഓഡിറ്റോറിയം, ഫയര്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമുച്ചയത്തിന് 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മ്യൂസിയം ഡിസ്‌പ്ലേയും അനുബന്ധ സൗകര്യങ്ങളും തയ്യാറാക്കാന്‍ മൂന്നുകോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയും വേണ്ടിവരും. ആകെ 13.35 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

2013 മാര്‍ച്ച് ഒന്നിന് തിരുവനന്തപുരം കേസരി ഹാളില്‍ ചേര്‍ന്ന, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും പ്രമുഖ വ്യക്തികളുടെയും യോഗത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്റ് മ്യൂസിയോളജിസ്റ്റും ആര്‍ക്കിയോളജിസ്റ്റുമായ ആര്‍. ചന്ദ്രന്‍പിള്ള  വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മാധ്യമ മ്യൂസിയം ആയിരിക്കും ഇത്. പത്രങ്ങളുടെ ജനനവും വളര്‍ച്ചയും അവയുടെ ഇന്നത്തെ നിലയിലേക്കുള്ള പരിണാമവും ഉള്ളടക്കത്തിലും സാങ്കേതികതയിലും ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളും ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ ജനനവുമെല്ലാം വരുംതലമുറകള്‍ക്ക് പഠിക്കാന്‍ ഉതകുംവിധം സംവിധാനം ചെയ്യുകയാണ് മാധ്യമ മ്യൂസിയത്തിന്റെ ഉദ്ദേശ്യം. മാധ്യമ ചരിത്രം നാടിന്റെ രാഷ്ട്രീയസാംസ്‌കാരിക ചരിത്രം കൂടിയായതിനാല്‍ മാധ്യമ മ്യൂസിയം ചരിത്ര മ്യൂസിയത്തിന്റെ കൂടി പങ്കു വഹിക്കും. ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.