You are here:

മാധ്യമങ്ങളെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല: മന്ത്രി തിരുവഞ്ചൂര്‍

കോട്ടയം: മാധ്യമങ്ങളെപ്പറ്റിയുള്ള സമൂഹത്തിന്റെ വിമര്‍ശങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള പ്രസ് അക്കാദമി, പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച മാധ്യമപഠനക്യാമ്പിന്റെ സമാപനസമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രങ്ങളിലെ തെറ്റ് അടുത്തദിവസം തിരുത്താനാകും. എന്നാല്‍ ദൃശ്യമാധ്യമങ്ങളുടെ സ്ഥിതി അതല്ല.

മാധ്യമപ്രവര്‍ത്തകരുടെ കൈയിലുള്ള മൂര്‍ച്ചയുള്ള ആയുധം സൂക്ഷിച്ച് ഉപയോഗിക്കണം. വാര്‍ത്ത ചെയ്യുമ്പോള്‍ ഉത്തരവാദിത്വബോധം പ്രകടിപ്പിക്കണം. സത്യസന്ധമായ വാര്‍ത്ത നല്‍കാന്‍, വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആഭ്യന്തരമന്ത്രി സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു.

പ്രസ് അക്കാദമി സെക്രട്ടറി വി.ആര്‍.അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ഷാലു മാത്യു, അഡ്വ. ഡി.ബി.ബിനു, ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ചെറുകര സണ്ണി ലൂക്കോസ്, എന്‍.പി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, മാടവന ബാലകൃഷ്ണപിള്ള, അഡ്വ. ഡി.ബി.ബിനു എന്നിവര്‍ വെള്ളിയാഴ്ച ക്ലാസ്സുകള്‍ നയിച്ചു.

രണ്ട് ദിവസത്തെ മാധ്യമ പഠനക്യാമ്പ് വ്യാഴാഴ്ച സുപ്രിം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് കെ.ടി.തോമസ്  ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വസ്തുതകള്‍ മറച്ചുവെച്ച് ഡാം പൊട്ടുമെന്ന് ഭീതി പരത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ രൂപവല്‍ക്കരിച്ച കമ്മീഷനില്‍ അംഗമായിരുന്ന താന്‍ തീര്‍ത്തും സത്യസന്ധമായും വിദഗ്ദ്ധ പഠനങ്ങളെ ആധാരമാക്കിയും സ്വീകരിച്ച നിലപാടിന്റെ പേരില്‍ തന്നെ മിക്ക മാധ്യമങ്ങളും കേരളം തന്നെയും  ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് ജസ്റ്റിസ് പറഞ്ഞു.

കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍ നടന്ന പഠനക്യാമ്പില്‍ കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരാണ് പങ്കെടുത്തത്. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷനായിരുന്നു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അക്കാദമി എക്‌സി.ബോര്‍ഡ് അംഗം എന്‍.രാജേഷ്, ഭരണസമിതി അംഗങ്ങളായ ചെറുകര സണ്ണിലൂക്കോസ്, എസ്.ബിജു, ഇ.പി.ഷാജുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി.സന്തോഷ്, എന്നിവര്‍ പ്രസംഗിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍ , മംഗളം അസോസിയേറ്റ് എഡിറ്റര്‍ എ.സജീവന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

 മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു, മംഗളം ന്യൂസ് എഡിറ്റര്‍ ജി.വേണുഗോപാല്‍, ദീപിക ചീഫ് ന്യൂസ് എഡിറ്റര്‍ സെര്‍ജി ആന്റണി, കേരള കൗമുദി സ്‌പെഷല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാര്‍ എന്നിവരുമായി മുഖാമുഖവും ഉണ്ടായിരുന്നു.