മാധ്യമങ്ങള്‍ സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാവും : മന്ത്രി കെ.വി. തോമസ്
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യത്തിന് ആപത്തെന്ന് കേന്ദ്ര ഭക്ഷ്യപൊതുവിതരണമന്ത്രി പ്രൊഫ. കെ.വി.തോമസ് പറഞ്ഞു. 'കമ്പോളകാലത്തെ മാധ്യമപ്രവര്‍ത്തനം' എന്ന വിഷയത്തില്‍ കേരള പ്രസ് അക്കാദമി സംഘടിപ്പിച്ച ദേശീയസെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനുള്ള പ്രതിബദ്ധത മാധ്യമങ്ങള്‍ക്കുണ്ട്. ജനങ്ങളെ വാസ്തവം അറിയിക്കേണ്ടവരാണ് മാധ്യമങ്ങള്‍ . വിശ്വാസ്യത നിലനിര്‍ത്താനും വിശ്വസനീയമായ വാര്‍ത്തകള്‍ നല്‍കാനും മാധ്യമങ്ങള്‍ക്കാവണം. ഇന്ന് ഒട്ടേറെ മാധ്യമങ്ങളെ ബഹുരാഷ്ട്രകമ്പനികള്‍ നിയന്ത്രിക്കുന്നു. ഇതിനെല്ലാമുപരിയായി മാധ്യമപ്രവര്‍ത്തനം സ്വതന്ത്രമാവണം. മാധ്യമങ്ങള്‍ സ്വതന്ത്രമായില്ലെങ്കില്‍ ജനാധിപത്യസംവിധാനം തകരുമെന്നും തോമസ് പറഞ്ഞു. മാധ്യമങ്ങളില്‍ , പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളില്‍ പുതിയ സ്വഭാവം പ്രകടമാണെന്നും യഥാര്‍ഥവസ്തുത ജനങ്ങളെ അറിയിക്കാന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിപണിയാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. വന്‍കിടകമ്പനികളും ബിസിനസ്സുകാരും മാധ്യമങ്ങളിലേക്ക് തങ്ങളുടെ പണം വഴിതിരിച്ചുവിടുന്നത് തടയാന്‍ നടപടിയുണ്ടാവണം. തൊഴില്‍രംഗത്തെ കരാര്‍വത്ക്കരണം മാധ്യമസ്വാതന്ത്ര്യത്തെ ബാധിക്കുന്നു. ഒട്ടേറെ യുവതീയുവാക്കള്‍ ഇന്ന് മാധ്യമരംഗത്തേക്ക് കടന്നു വരുന്നുണ്ടെങ്കിലും അവരാരും സ്വതന്ത്രരല്ലെന്നതാണ് ഇന്നത്തെ സ്ഥിതി. ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും ഇതൊരു ജീവനോപാധിയായി കാണുമ്പോള്‍ മാധ്യമതത്ത്വങ്ങള്ക്കുവേണ്ടി നിലകൊള്ളുന്ന ചിലരെങ്കിലുമുണ്ടെന്നും കുല്‍ദീപ് നയ്യാര്‍ അഭിപ്രായപ്പെട്ടു.
പ്രസ് അക്കാദമി ചെയര്മാന് എന്‍ .പി.രാജേന്ദ്രന് അധ്യക്ഷനായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വിനോദ് ശര്‍മ, പരന്‍ജോയ് ഗുഹ തകൂര്ത, സുകുമാര്‍ മുരളീധരന് , ഡല്‍ഹി ജേണലിസ്റ്റ് യൂണിയന് പ്രസിഡന്റ് എസ്.കെ. പാണ്ഡെ, കെ.യു.ഡബ്ല്യൂ.ജെ പ്രസിഡന്റ് കെ.സി. രാജഗോപാല്‍ , അക്കാഡമി എക്സി. ബോര്‍ഡ് അംഗം എന്‍.രാജേഷ്, പ്രസ് അക്കാദമി അസി.സെക്രട്ടറി എന്‍ . പി. സന്തോഷ് എന്നിവരും സംസാരിച്ചു. സാംസ്കാരികമന്ത്രി കെ.സി. ജോസഫിന്റെ സന്ദേശം സെമിനാറില്‍ വായിച്ചു.