You are here:

പ്രസ് അക്കാദമി പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 
കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം മാധ്യമ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും നടത്തിവന്ന ബി. ആര്‍.പി. ഭാസ്‌കര്‍, 34 വര്‍ഷം മാതൃഭൂമിയില്‍ ഫോട്ടോഗ്രാഫര്‍ ആയി ശ്രദ്ധിക്കപ്പെട്ട എം.പി. പൗലോസ്, സംസ്ഥാന തലസ്ഥാനത്ത് അരനൂറ്റാണ്ടിലേറെ രാഷ്ട്രീയ ചരിത്രത്തിന് സാക്ഷിയായി കേരള കൗമുദി ദിനപത്രത്തില്‍ പത്രപ്രവര്‍ത്തനം നടത്തിയ കെ.ജി. പരമേശ്വരന്‍ നായര്‍, മാധ്യമ ചരിത്രകാരനായ ജി. പ്രിയദര്‍ശന്‍, തൃശ്ശൂര്‍ എക്‌സ്പ്രസ് പത്രാധിപരായിരുന്ന ടി.വി. അച്യൂതവാരിയര്‍ എന്നിവരെയാണ് ആദരിക്കുന്നത്.

ഏപ്രില്‍ 25 ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉപഹാരം നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇത് നാലാം തവണയാണ് അക്കാദമി പ്രതിഭാ പുരസ്‌കാരം നല്‍കുന്നത്. 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

അക്കാദമി പബ്ലിക്കേഷന്‍ തുടങ്ങുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ഏപ്രില്‍ ആദ്യ ആഴ്ച പുറത്തിറങ്ങുമെന്ന് എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കായി സമഗ്ര പരിശീലനം അക്കാദമി നടത്തും. അക്കാദമിയില്‍ ആരംഭിക്കുന്ന മീഡിയ മ്യൂസിയത്തിന്റെ കരട് രൂപം തയ്യാറായതായും അദ്ദേഹം പറഞ്ഞു. പ്രസ് അക്കാദമി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എന്‍.രാജേഷ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.