Krishnanunny.K.P.
കെ.പി.കൃഷ്ണനുണ്ണി
രണ്ടാം ലോക യുദ്ധം കൊടുമ്പിരി കൊണ്ട 1942 ല്‍ ശ്രീലങ്കയിലെ കൊളമ്പോയില്‍ റോയിട്ടര്‍ ന്യൂസ് ഏജന്‍സിയില്‍ കെ.പി.കൃഷ്നുണ്ണി റിപ്പോര്‍ട്ടറായി ചേരുന്നത് ജുലൈ മൂന്നിനാണ്. സഖ്യകക്ഷി സേനയുടെ ദക്ഷിണ കമാന്‍ഡ് നൂറുകിലോമീറ്റര്‍ മാത്രം അകലെ കാന്‍ഡിയിലായിരുന്നതുകൊണ്ട് കൊളന്വോ യുദ്ധകാര്യലേഖകന്മാരുടെ കേന്ദ്രമായി മാറിയിരുന്നു. ആറുവര്‍ഷം റോയിറ്ററില്‍ തുടര്‍ന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമേ ഇന്ത്യയിലേക്ക് മടങ്ങാനായുള്ളൂ. 1949 ഫിബ്രു.ഒന്നിന് പി.ടി.ഐ. ആരംഭിച്ച ദിവസം തന്നെ ലേഖകനായി ചേര്‍ന്നു. നീണ്ടകാലം രാജ്യത്തിലെ എല്ലാ സുപ്രധാന ചരിത്രസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിമാര്ക്കുമൊപ്പം ആഗോള സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ ചൈന, സോവിയറ്റ് യൂണിയന്, കനഡ, ഉഗാണ്ട, സുഡാന് തുടങ്ങിയ ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് സമ്മേളനങ്ങളും ചേരിചേരാരാഷ്ട്ര സമ്മേളനങ്ങളും ഇതില്‍പെടും.
പി.ടി.ഐ.യില്‍ നിന്ന് വിരമിച്ച ശേഷം കൊച്ചിക്കടുത്ത് കളമശ്ശേരിയില്‍ താമസമാക്കിയ കൃഷ്ണനുണ്ണി ഇന്ത്യന്‍ എക്സ്പ്രസ്, ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. Reporting Memories എന്ന പേരില്‍ ആത്മകഥ രചിച്ചിട്ടുണ്ട്.
2010 ആഗസ്ത് ഒന്നിന് 92 ാം വയസ്സില്‍ കൊച്ചിയില്‍ അന്തരിച്ചു.