John.K.C
കെ.സി.ജോണ്‍
1924 മെയ് 29ന് ജനിച്ച് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത കെ.സി.ജോണ്‍ ആദ്യം തൊഴിലെടുക്കുന്നത് 1944 ലാണ്, ചെന്നൈയില്‍ പ്രതിരോധ വകുപ്പ് സ്ഥാപനത്തില്‍. പിന്നെ ബോംബെയില്‍ ക്ലാര്‍ക്കായി സ്ഥലംമാറി. ജോണിന്റെ സഹോദരന് ജോസഫ് ജോണ്‍ അക്കാലത്ത് അവിടെ, കെ.എം.മുന്‍ഷി തുടക്കം കുറിച്ച സോഷ്യല്‍ വെല്‍ഫെയര്‍ എന്നൊരു വാരികയുടെ എഡിറ്റര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തില്‍ ജോണ്‍ പത്രപ്രവര്‍ത്തനത്തോട് അടുത്തു.
ആദ്യ പത്രപ്രവര്‍ത്തനാനുഭവം ബി.ജി.ഹോര്‍ണിമേന്‍ സ്ഥാപക പത്രാധിപരായ ദ അഡ്വക്കേറ്റ് ഓഫ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിലായിരുന്നു. ആഴ്ചകള്‍ക്കകം പത്രം പൂട്ടി. തുടര്‍ന്ന് ജോണ്‍ ദ ഒറിയന്റ് പ്രസ് ഓഫ് ഇന്ത്യ എന്ന വാര്‍ത്താ ഏജന്‍സിയില്‍ റിപ്പോര്‍ട്ടറായി. അതാവട്ടെ, ഇന്ത്യ സ്വതന്ത്രമായതോടെ രാജ്യം വിട്ടു. പിന്നെയാണ് ദ ഫ്രീ പ്രസ് ജേണലില്‍ ചേര്‍ന്നത്.
1950 ല്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ പിന്‍ബലത്തില്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ച ഭാരത് എന്ന ഇംഗ്ലീഷ് പത്രത്തില്‍ ജോണ്‍ ചേര്‍ന്നു. 1951 ല്‍ ഈ പത്രവും പൂട്ടിയപ്പോള്‍ അദ്ദേഹം ദ ഫ്രീ പ്രസ് ജേണലിലേക്ക് മടങ്ങി. 1953 വരെ അവിടെ റിപ്പോര്‍ട്ടറായി തുടര്‍ന്നു. മൊറാര്‍ജി ദേശായിയും അശോക് മേത്തയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുമായി ഇക്കാലത്താണ് ബന്ധപ്പെട്ടത്. 1953 ല്‍ തുടങ്ങിയ ടൈംസ് ഓഫ് ഇന്ത്യ ന്യൂസ് സര്‍വീസില്‍ നിയമനം കിട്ടി. കേരളത്തിലേക്കാണ് അവര്‍ അദ്ദേഹത്തെ നിയോഗിച്ചത്.
തുടര്‍ന്ന് നീണ്ട കാലം സംസ്ഥാനത്തെ രാഷ്ട്രീസംഭവവികാസങ്ങളെല്ലാം തൊട്ടടുത്ത് നിന്ന് കാണാനും എഴുതാനും അവസരം ലഭിച്ചു.
1984 വരെ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ ന്യൂയോര്‍ക്ക് ടൈംസ, ടൈം മാഗസീന് എന്നിവയിലും റിപ്പോര്‍ട്ടുകള്‍ എഴുതി. ഹൈദരാബാദ് അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂസ് ടൈമിന്റെ കേരള ചീഫ് ആയി പിന്നീട്.
സംസ്ഥാന രാഷ് ട്രീയ ചരിത്രം വിവരിക്കുന്ന The Melting Pot ആണ് ആദ്യ പുസ്തകം. Beyond the Deadline തന്റെ പത്രപ്രവര്‍ത്തനാനുഭവങ്ങള്‍ വിവരിക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് കൃതിയാണ്. കേരള രാഷ്ട്രീയം ഒരംബന്ധ നാടകം ആണ് മറ്റൊരു കൃതി.
എണ്‍പത്തിരണ്ടാം വയസ്സില്‍ അദ്ദേഹം കോട്ടയത്ത് അന്തരിച്ചു. മക്കള്‍ ബിനുവും ഷൈനുവും പത്രപ്രവര്‍ത്തകരാണ്. ആശ, റീബ, ബിന പെണ്മക്കളാണ്.