മാധ്യമങ്ങളും പൊതുമണ്ഡലവും - പ്രഭാഷണം സംഘടിപ്പിച്ചു
കൊച്ചി: കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാധ്യമങ്ങളും പൊതുമണ്ഡലവും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിലോസഫി വിഭാഗം മേധാവി പ്രൊഫ: ടി.വി.മധു വിഷയാവതരണം നടത്തി.
പൊതുതാത്പര്യം മുന്‍നിര്‍ത്തി വ്യക്തികള്‍ തമ്മില്‍ മുഖാമുഖം വാദപ്രതിവാദം നടക്കുമ്പോള്‍ മാത്രമാണ് പൊതുമണ്ഡലം രൂപപ്പെടുന്നതെന്ന് പ്രൊഫ: മധു അഭിപ്രായപ്പെട്ടു. ഓരോ പൗരനും രാഷ്ട്രവുമായി നടത്തുന്ന സ്വകാര്യ വിലപേശലുകള്‍ക്കുള്ള വേദിയായി രാഷ്ട്രീയം മാറുമ്പോള്‍ പൊതുമണ്ഡലം അപ്രസക്തമാകുന്നു. പൊതുമണ്ഡലം അഥവാ പൊതു ഇടം രൂപീകരിക്കാന്‍ പൊതുവായ ചര്‍ച്ചക്ക് ആസ്പദമായ വിഷയം വേണം. ആധുനിക സംവാദങ്ങളില്‍ അത്തരം നിഷ്പക്ഷമായ ആശയങ്ങള്‍ ഉണ്ടാകുന്നില്ല. മതനിരപേക്ഷത, കമ്പോളമുണ്ടാക്കിയ സമഭാവന, പത്രങ്ങള്‍ സൃഷ്ടിച്ച ദേശാതീത ഭാവന എന്നീ ഘടകങ്ങള്‍ പൊതുമണ്ഡല രൂപീകരണത്തില്‍ ഏറെ പ്രസക്തമാണെന്ന് പ്രൊഫ: മധു അഭിപ്രായപ്പെട്ടു.
അക്കാദമി കണ്‍സള്‍ട്ടന്റ് കെ.രാജഗോപാല്‍ ആമുഖ പ്രസംഗം നടത്തി. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ രാജു റാഫേല്‍ സ്വാഗതവും സീനിയര്‍ ഫാക്കല്‍റ്റി കെ. ഹേമലത നന്ദിയും പറഞ്ഞു. അസി. സെക്രട്ടറി എന്‍.പി. സന്തോഷ് ചടങ്ങില്‍ പങ്കെടുത്തു.