You are here:

വിക്‌ടേഴ്‌സ് ചാനല്‍ 'ഫോര്‍ത്ത് എസ്റ്റേറ്റി'ല്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

പീപ്പിള്‍സ് വാറിലൂടെയും ദേശാഭിമാനിയിലൂടെയുമെല്ലാം എഴുതിതുടങ്ങി, ബ്ലീറ്റ്‌സിന്റെ യൂറോപ്യന്‍ ലേഖകനെന്ന നിലയില്‍ മൂന്ന് പതിറ്റാണ്ടോളം രാജ്യാന്തരതലത്തില്‍ സജീവ പത്രപ്രവര്‍ത്തനം നടത്തിയ പി.കെ. കുഞ്ഞനന്തന്‍ നായരെന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ തന്റെ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെക്കുന്നു.  യൂറോപ്പ് കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിന്ന സംഭവബഹുലമായ പത്രപ്രവര്‍ത്തനത്തിനിടയില്‍ രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ Scoop കളുടെ പിന്നാമ്പുറങ്ങള്‍ ബര്‍ലിന്‍ തുറന്നുപറയുന്നു.  യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോ, സോവിയറ്റ് നേതാക്കളായ ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ്, ക്യാബന്‍ നേതാവ് ഫിഡല്‍ കാസ്‌ടോ,  വാള്‍ട്ടര്‍ ഉള്‍ബ്രിറ്റ് തുടങ്ങി ഒട്ടേറെ ലോകനേതാക്കളുമായി നടത്തിയ അഭിമുഖങ്ങള്‍, ഇന്ത്യയിലെ വിവിധ ഭാഷാ മാധ്യമങ്ങളിലും ഒട്ടേറെ വിദേശ മാധ്യമങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്ന മലയാളി പത്രപ്രവര്‍ത്തകന്‍, പ്രവര്‍ത്തനമികവിനുള്ള ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ - രാഷ്ട്രീയ പ്രവര്‍ത്തകനെന്ന പരിചിതമുഖത്തിനപ്പുറം ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെന്ന രാജ്യാന്തര ശ്രേഷ്ഠനായ കമ്മ്യൂണിസ്റ്റ് മാധ്യമപ്രവര്‍ത്തകന്റെ ഏറ്റവും അറിയപ്പെടാത്ത മുഖം അനാവരണം ചെയ്യുന്ന പരിപാടി കേരള പ്രസ് അക്കാദമിയും വിക്‌ടേഴ്‌സ് ചാനലും ചേര്‍ന്നൊരുക്കുന്ന 'ഫോര്‍ത്ത് എസ്റ്റേറ്റ്' പരമ്പരയില്‍ ഞായറാഴ്ച മുതല്‍ (ഫെബ്രുവരി 9) സംപ്രേഷണം ചെയ്യുന്നു.

1985 മാര്‍ച്ചിലെ Blitz-ല്‍ കവര്‍‌സ്റ്റോറിയായി പ്രസിദ്ധീകരിച്ച രാജീവ്ഗാന്ധിയെ പാരീസില്‍ വദിക്കാന്‍ ഗൂഡാലോചനയെന്ന എക്‌സ്‌ക്ലൂസീവ് സ്റ്റോറി, ഖലിസ്ഥാന്‍ ഭീകരര്‍ കനിഷ്‌ക വിമാനം തകര്‍ത്തതിന്റെ പിന്നിലെ ഗൂഡാലോചന, സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച്, വത്തിക്കാനില്‍ ജോപോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ദുരൂഹമരണം സംബന്ധിച്ചുമെല്ലാം നല്‍കിയ വാര്‍ത്തകളെക്കുറിച്ച് 'ഫോര്‍ത്ത് എസ്റ്റേറ്റി'ല്‍ ബര്‍ലിന്‍ മനസുതുറക്കുന്നു.

നാലു എപ്പിസോഡുകളിലായി പൂര്‍ത്തീകരിച്ചിട്ടുള്ള ഈ പരിപാടിയുടെ സംപ്രേഷണം എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.00 മണിക്കും പുന:സംപ്രേഷണം വൈകുന്നേരം 5.30നും ചൊവ്വാഴ്ച്ച വൈകുന്നേരം 4.00 മണിക്കും.