മാധ്യമപ്രവര്‍ത്തകര്‍ തുറന്ന മനസ്സോടെ പ്രശ്നങ്ങളെ സമീപിക്കണം: സയ്യദ് നസാക്കത്ത്
മാധ്യമപ്രവര്‍ത്തകര്‍ തുറന്ന മനസ്സോടെ പ്രശ്നങ്ങളെ സമീപിക്കണമെന്ന് ദ വീക്ക് പ്രത്യേക ലേഖകന്‍ സയ്യദ് നസാക്കത്ത്. മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് വര്‍ഗീയ-വംശീയ-ജാതീയ-രാഷ്ട്രീയ കെടുപാടുകള്‍ ഉപേക്ഷിച്ച് ഉത്തരവാദിത്വം നിറവേറ്റാന്‍ ഓരോ മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണം. കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മീഡിയ ഫെസ്റ്റ് സിം-2014 നോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സയ്യദ് നസാക്കത്ത്.
മനുഷ്യാവകാശ ലംഘനങ്ങള്‍ പലപ്പോഴും പുറംലോകമറിയുന്നത് ഏറെ വൈകിയായിരിക്കും. പല രാജ്യങ്ങളിലും അരങ്ങേറുന്ന ഇത്തരം സംഭവങ്ങള്‍ മറച്ചുവയ്ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നു. ഏതെങ്കിലുമൊരു മാധ്യമ പ്രവര്‍ത്തകന്റെ ആകാംക്ഷയാണ് ഇത്തരം സംഭവങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരുന്നത്.
പല ലോകരാഷ്ട്രങ്ങളേയും അപേക്ഷിച്ച് ഏറെ അവകാശങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. ജനാധിപത്യത്തിന്റെ ഈ ഗുണഫലങ്ങള്ക്കിടയിലും ചില മേഖലകളില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണ് ചില പ്രത്യേക മേഖലകളിലെ ജനങ്ങള്‍ നിലവിലുള്ള വ്യവസ്ഥിതിക്കെതിരെ പ്രതികരിക്കുന്നതെന്ന് ചിന്തിക്കാന്‍ ഒരു പത്രപ്രവര്ത്തകന് കഴിയണം. ആ ജാഗ്രതയില്‍ നിന്നാകും ചിലപ്പോള്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ചുരുള്‍ നിവരുക.
എവിടെയും കടന്നുചെല്ലാന്‍ തനിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഭംഗിയായി വിനിയോഗിക്കണം. പണമല്ല സമൂഹത്തോടുള്ള ജാഗ്രതയാകണം ഓരോ മാധ്യമപ്രവര്‍ത്തകനെയും നിയന്ത്രിക്കേണ്ടത്. ഇതിനുവേണ്ടി പലപ്പോഴും സമയത്തിനതീതനായി നിന്ന് പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. ലോകമറിഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകളെല്ലാം ഇത്തരം ജാഗരൂകരായ മാധ്യമപ്രവര്‍ത്തകരുടെ സംഭാവനകളാണ്.
ഗ്വാണ്ടനാമോ ദ്വീപില്‍ അമേരിക്കന്‍ സേന നടത്തിയത് ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, കോംഗോ എന്നീ രാജ്യങ്ങളിലെല്ലാം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇവയില്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ഗ്വാണ്ടനാമോ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത നസാക്കത്ത് പറഞ്ഞു. ഉച്ചക്കുശേഷം നടന്ന പ്രത്യേക സംവാദത്തില്‍ സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് പങ്കെടുത്തു.