മാധ്യമങ്ങള്‍ മൂലധനശക്തിയ്ക്ക് കീഴ്പ്പെടുന്നു : എം.ജി രാധാകൃഷ്ണന്
മാധ്യമങ്ങള്‍ മൂലധനശക്തികള്‍ക്ക് കീഴ്പ്പെടുന്നെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.ജി രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. സിം ഫെസ്റ്റില്‍ ബഹുജനമാധ്യമങ്ങളിലെ ബഹുസ്വരത എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലനില്‍പ്പിനുവേണ്ടി സാമ്പത്തിക നിയമങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധമാകുന്ന അവസ്ഥയാണുള്ളത്. ഒരു വ്യക്തിയുടേയോ വിഭാഗത്തിന്റെയോ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പരമ്പരാഗതമാധ്യമങ്ങളെ ഉപയോഗപ്പെടുത്താനാവുന്നില്ലെങ്കിലും നവമാധ്യമങ്ങള്‍ക്ക് ഇതു സാധ്യമാകുന്നു.
ആഗോളതലത്തില്‍ മാധ്യമപ്രവര്‍ത്തനം മൂന്നാംഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച ഒന്നാം ഘട്ടത്തില്‍ വ്യക്തികളോ, ജനവിഭാഗങ്ങളോ അവരുടെ മത, ആശയ, വിശ്വാസങ്ങളെ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ ഉപയോഗിച്ചു. രണ്ടാം ഘട്ടത്തില്‍ സാധാരണക്കാരന്റെ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നിടത്തേക്ക് മാധ്യമപ്രവര്‍ത്തനം മാറി. വ്യവസായവിപ്ലവം സൃഷ്ടിച്ച മധ്യവര്‍ഗമാണ് ഇതിന്റെ വലിയ പ്രയോക്താക്കളായി മാറിയത്. കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ അക്കാലം ഓര്‍മ്മിക്കപ്പെടുന്നത് സ്വദേശാഭിമാനിയുടേയും കേസരിയുടേയും പേരിലാണ്. എന്നാല്‍ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ലോകാടിസ്ഥാനത്തില്‍ തന്നെ മാധ്യമങ്ങള്‍ക്ക് പണത്തിന്റെ ശക്തികള്‍ക്ക് കീഴ്പ്പെടുന്ന സാഹചര്യമുണ്ടായത്. വാണിജ്യവത്കരണം മാധ്യമങ്ങളെയും ബാധിച്ചിടത്ത് സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യപ്പെടാതെപോകുന്നു. ഇത്തരമോരു സാഹചര്യത്തില്‍ ഈ രണ്ടുഘട്ടങ്ങളും തമ്മിലുള്ള താരതമ്യം ശൂന്യമാണ്.
അതേസമയം മാധ്യമത്തിന്റെ ഉപഭോക്താവ് എന്ന തരത്തില്‍നിന്ന് നിര്‍മ്മാതാവ് എന്ന നിലയിലേക്ക് സാധാരണക്കാരന്റെ മാറ്റം സാധ്യമാക്കിയ നൂതന സാങ്കേതികവിദ്യകള്‍ ഈയൊരു വ്യവസായവത്കരണത്തിന്റെ ഫലമാണെന്ന കാര്യം വിസ്മരിച്ച്കൂടാ. ഈ വൈജ്ഞാനിക വിസ്ഫോടനം സാധാരണക്കാരന് ആഗോള മാധ്യമങ്ങളില്‍ ഒരിടം സമ്മാനിക്കുകയായിരുന്നു. ലോകത്തിന്റെ ഏതുഭാഗത്തുനിന്നും വാര്‍ത്തകള്‍ മിനിറ്റുകള്‍ക്കകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്ന അത്ഭുതകരമായ മുന്നേറ്റമാണിത്. അങ്ങനെ വിലയിരുത്തുമ്പോള്‍ ബഹുജന മാധ്യമങ്ങളിലെ ബഹുസ്വരത തിരിച്ചുവരുന്നു എന്നുതന്നെ പറയാം.
കേരളത്തിന്റെ മാധ്യമപ്രവര്‍ത്തനം ജനങ്ങളില്‍നിന്ന് അകന്നുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാവിഷന് എക്സിക്യൂട്ടീവ് എഡിറ്റര്‍ എം.പി ബഷീര്‍ പറഞ്ഞു. നേതാക്കള്‍ക്കും വിവാദങ്ങള്‍ക്കും മാത്രമാണ് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നതെന്നും ബഷീര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്കി. ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ രാജു റാഫേല്‍ സ്വാഗതവും സീനിയര്‍ ഫാക്കല്‍റ്റി ഹേമലത.കെ നന്ദിയും പറഞ്ഞു.