കോര്‍പറേറ്റ് ശക്തികള്‍ മാധ്യമ സ്വാധീനം മുതലെടുക്കുന്നു: ജെ.ഗോപീകൃഷ്ണന്‍
പത്രങ്ങള്‍ക്ക് ജനമനസ്സിലെ സ്വാധീനം മുതലെടുത്താണ് കോര്‍പറേറ്റ് ശക്തികള്‍ ഈ മേഖലയില്‍ പിടിമുറുക്കുന്നതെന്ന് പയനീര്‍ പ്രത്യേക ലേഖകന്‍ ജെ.ഗോപീകൃഷ്ണന്‍ പറഞ്ഞു. കേരള പ്രസ് അക്കാദമി മാധ്യമോത്സവത്തോടനുബന്ധിച്ച് 'മീഡിയ എത്തിക്‌സ് ഇന്‍ ദി മാര്‍ക്കറ്റ് ഏജ്' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രലോഭനങ്ങള്‍ പലതുമുണ്ടാകാം. ഇതില്‍നിന്ന് മുക്തരാകാനുള്ള മാനസിക നിലയാണ് ആര്‍ജിക്കേണ്ടത്. ചങ്ങാത്ത മുതലാളിത്തം പലപ്പോഴും സമുഹത്തെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ പ്രേരിപ്പിക്കുന്നു. ബ്ലാക്ക്‌മെയില്‍ മാധ്യമ പ്രവര്‍ത്തനവും വര്‍ധിക്കുന്നുണ്ട്. ഇത് മാധ്യമ സമൂഹത്തിന്റെ അപചയത്തിലേക്ക് നയിക്കും. 2005-നു ശേഷമാണ് കോര്‍പറേറ്റുകള്‍ ഈ മേഖലയില്‍ പണമിറക്കാന്‍ തുടങ്ങിയത്. രാജ്യത്തിന്റെ സമ്പദ്ഘടനയേയും സുരക്ഷയേയുംവരെ ബാധിക്കുന്ന കാര്യങ്ങളില്‍പോലും സ്വന്തം താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കോര്‍പറേറ്റുകള്‍ മാധ്യമങ്ങളെ ഉപയോഗിക്കുന്ന കാലമാണിത്. കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി ഇന്ന് വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാനുള്ള അവസരവുമുണ്ട്. ഇത് ഉപയോഗിക്കാന്‍ പത്രപ്രവര്‍ത്തകന്‍ ' പ്രൊഫഷണലുകളുടെ നെറ്റ് വര്‍ക്ക്' ഉണ്ടാക്കുകതന്നെ വേണം. ഇതിലൂടെ മറയ്ക്കപ്പെട്ട പല സത്യങ്ങളും ലോകത്തെ അറിയിക്കാനാകുമെന്ന് ഗോപീകൃഷ്ണന്‍ പറഞ്ഞു.