മാധ്യമങ്ങള്‍ ഭരണകുടത്തിന്റെ തുടര്‍ച്ച : ഗൗരീദാസന്‍ നായര്‍
മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ തുടര്‍ച്ചയാണെന്നും വേര്‍തിരിഞ്ഞാല്‍ നിലനില്‍പ്പില്ലെന്ന് തിരിച്ചറിയണമെന്നും ദ ഹിന്ദു കേരള ബ്യൂറോ ചീഫ് സി.ഗൗരീദാസന്‍ നായര്‍ പറഞ്ഞു. കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാധ്യമോത്സവത്തോടനുബന്ധിച്ച് 'മാധ്യമങ്ങളും സാമൂഹ്യ മാറ്റവും' എന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ പലപ്പോഴും സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാതെ ദന്തഗോപുരങ്ങളിലിരിക്കുന്നവരാണ്.
സധാരണക്കാരുടെ ഓരോ ദിവസവും പോരാട്ടമാണ് - ഇതിനിടയില്‍ സാമൂഹിക മാറ്റത്തെ കുറിച്ചുള്ള ചിന്തകള്‍ അവന്റെ മുന്നിലില്ല. തൊഴിലിടങ്ങളില്‍ മാറ്റമില്ലെന്ന് മാത്രമല്ല അധ്വാനത്തിനും കുറവുവരുന്നില്ല. ഇതിനുശേഷം വീട്ടിലെത്തുമ്പോള്‍ അയാള്‍ മധ്യവര്‍ഗ പ്രതിനിധിയാകുന്നു. ടിവിയുടെ വരവോടെ വീടിന്റെ അകത്തളം അയാളെ മധ്യവര്‍ഗ താത്പര്യത്തിലേക്ക് കൊണ്ടുവരുന്നു. ഇതിനിടയില്‍ നിന്നാണ് നാം സാമൂഹിക മാറ്റത്തെകുറിച്ച് മാധ്യമങ്ങളിലൂടെ ചര്‍ച്ചചെയ്യുന്നത്.
മാധ്യമ ചര്‍ച്ചകള്‍ പ്രത്യേകിച്ച് ടെലിവിഷന്‍ ചര്‍ച്ചകള്‍ പലപ്പോഴും മുന്‍വിധികളുടെ അടിസ്ഥാനത്തിലുള്ളവയാണ്. പത്രപ്രവര്‍ത്തനത്തിന്റെ ഗ്ലാമര്‍വല്‍ക്കരണം ഈ മേഖലയിലേക്ക് കൂടുതല്‍പേരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഓരോ പത്രപ്രവര്‍ത്തകരും 'മെരുക്കലു'കളിലൂടെ കടന്നു പോകാന്‍ ബാധ്യസ്ഥരാണ്. ഇതിനുശേഷവും നമ്മുടെ ഉള്ളിലുള്ള കനലുകള്‍ കെടാതെ സൂക്ഷിക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.