പത്രങ്ങള്‍ വിഷ്വല്‍ റിപ്പോര്‍ട്ടിലേക്ക് മാറുന്നു
പത്രങ്ങള്‍ വിഷ്വല്‍ കാണുന്നുവെന്നുതോന്നുന്നതരത്തില്‍ വിഷ്വല്‍ റിപ്പോര്‍ട്ടിലേക്ക് മാറുകയാണെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയരക്ടര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഇരുനൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി ബി.ഇ.എം.പി. സ്‌കൂളില്‍ കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള മാധ്യമ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്‌ട്രോണിക്ക് മീഡിയയുടെ വരവോടെ പത്രങ്ങള്‍ കൂടുതല്‍ പ്രാദേശികമായി. ഒപ്പം കളര്‍ഫുളാകാനും തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
നമുക്ക് ആലോചിക്കാന്‍കഴിയാത്തനിലയിലാണ് പത്രങ്ങള്‍ മാറുന്നത്. പുതിയ വെല്ലുവിളിക്കനുസരിച്ച് ഉള്ളടക്കത്തിലും കാഴ്ചയിലും മാറ്റംവരുന്നു. കൂടുതല്‍ എഡിഷനുകള്‍ വന്നതോടെ രണ്ടുമണിക്കൂറിനകം പത്രങ്ങള്‍ വായനക്കാരനിലെത്തിക്കാന്‍ കഴിയുന്നു. മലയാളത്തില്‍ ആദ്യമായി രണ്ടാമത് എഡിഷന്‍ തുടങ്ങിയത് കൊച്ചിയില്‍ മാതൃഭൂമിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഡിഷനുകള്‍ കൂടിയതോടെ രാത്രി പത്തുമണിയ്ക്കുശേഷമുള്ള ഇലക്‌ട്രോണിക്‌സ് മീഡിയയില്‍വരാത്ത വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് ഒന്നാംപേജില്‍ നല്കാന്‍ കഴിയുന്നു.
ഇലക്‌ട്രോണിക്‌സ് മീഡിയ വന്നിട്ടും അറുപതു ശതമാനം പരസ്യങ്ങള്‍ പത്രങ്ങള്‍ക്ക് ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക്‌സ് മീഡിയയുടെ കടുത്ത മത്സരത്തിലും പത്രങ്ങളുടെ പ്രചാരം വര്‍ധിക്കുകയാണ്. ഇത് പഠിക്കാന്‍ വിദേശങ്ങളില്‍നിന്നുള്‍പ്പെടെ ആളുകളെത്തുകയാണ്. മുമ്പ് വാര്‍ത്തയാകാത്ത പലതുമിന്ന് വാര്‍ത്തയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. അച്ചടി ദൃശ്യമാധ്യങ്ങളെ വെല്ലുവിളിക്കുക മാത്രമല്ല, ജീവിത കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിക്കുന്ന ഒന്നായി സോഷ്യല്‍മീഡിയ മാറിയതായി 'നവമാധ്യമങ്ങളുടെ ശരിയും തെറ്റും' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ച നിരൂപകനും മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററുമായ ഡോ. പി.കെ.രാജശേഖരന്‍ അഭിപ്രായപ്പെട്ടു. നേരത്തെ വായനക്കാരന്‍ ഓഡിയന്‍സായിരുന്നു. സോഷ്യല്‍ മീഡിയയുടെ വരവോടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരായി. ഒരുതരം ഏകാന്തതയിലും ആത്മരതിയിലും സോഷ്യല്‍ മീഡിയകളെത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നേരിട്ടല്ലാതെ പ്രാദേശികമാധ്യമങ്ങള്‍വരെ കുത്തകകള്‍ വിലയ്‌ക്കെടുക്കുന്നതായി ജെ.ഗോപീകൃഷ്ണന്‍(പയനീര്‍, ഡല്‍ഹി) മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ്‌വത്കരണം എന്ന വിഷയമവതരിപ്പിച്ച് അഭിപ്രായപ്പെട്ടു. കേരളത്തില്‍ മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ്‌വത്കരണം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമവിശ്വാസ്യത നഷ്ടപ്പെട്ടിട്ടില്ലെന്ന് 'മാധ്യമങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കല്‍' എന്ന വിഷയത്തില്‍ സംസാരിച്ച കെ.എം.റോയ് അഭിപ്രായപ്പെട്ടു. അതു സംബന്ധിച്ച് അശുഭാപ്തിവിശ്വാസിയല്ല താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.യു.ഡബ്ല്യു.ജെ. പ്രസിഡന്റ് കെ.പ്രേംനാഥ്, സി.പി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എ.എന്‍.പി.ഉമ്മര്‍കുട്ടി പങ്കെടുത്തു. അഡ്വ. എ.എം.വിശ്വനാഥ് സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍ നന്ദിയും പറഞ്ഞു.