Karoor Sasi
കവിയും പത്രപ്രവര്‍ത്തകനുമാണ് കരൂര്‍ ശശി എന്ന ആര്.ശശിധരന് നായര്‍. തിരുവനന്തപുരം ജില്ലയില്‍ കരൂര്‍ പോത്തന്‍കോടാണ് സ്വദേശം. 1939 മാര്‍ച്ച് 13-ന് കെ.രാഘവന്‍പിള്ളയുടേയും ജി.മാധവിയമ്മയുടേയും മകനായി ജനിച്ചു. പോത്തന്‍കോട് എല്‍.പി.സ്കൂള്‍, കൊയ്ത്തൂര്‍കോണം യു.പി.സ്കൂള്‍, പിരപ്പന്‍കോട് ഹൈസ്കൂള്‍, തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.1962 മുതലാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. പൊതുജനം സായാഹ്നപത്രം, മലയാളി ദിനപത്രം, തനിനിറം, വീക്ഷണം എന്നിവ കടന്ന് മാതൃഭൂമി പത്രത്തിലെത്തി. ഇടയ്ക്ക് 'സിന്ദൂരം' എന്നൊരു വാരിക സ്വന്തമായി നടത്തി.
മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ സബ് എഡിറ്ററായി തുടങ്ങി 1993-ല്‍ ചീഫ് സബ് എഡിറ്ററായാണ് വിരമിക്കുന്നത്. പത്രപ്രവര്‍ത്തനത്തിന് പുറമെ സാഹിത്യ പ്രവര്‍ത്തനമാണ് മുഖ്യം.
ചങ്ങമ്പുഴ അവാര്‍ഡ്, മൂടാടി ദാമോദരന്‍ അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി.
കേരള പത്രപ്രവര്‍ത്തക യൂണിയന് അംഗമായിരുന്ന കരൂര്‍ ശശി ടി.കെ.ജി.നായര്‍ യൂണിയന് പ്രസിഡന്റായിരുന്നപ്പോള്‍ യൂണിയന്റെ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നോവലിസ്റ്റ് പി.ആര്.ശ്യാമള ഭാര്യയായിരുന്നു. അവരുടെ മരണശേഷം 1992-ല്‍ കേരള സാഹിത്യ അക്കാദമിയില്‍ സ്റ്റാഫംഗമായിരുന്ന വി.മാധവിക്കുട്ടിയെ വിവാഹം കഴിച്ചു. ഇപ്പോള്‍ തൃശൂരില്‍ സ്ഥിരതാമസമാണ്..
വിലാസം: 'തിങ്കള്‍', എ-6 സിന്ദൂരം അപ്പാര്‍ട്ട്മെന്റ്, കിഴക്കേക്കോട്ട, തൃശൂര്‍ - 680 005.