You are here:

Nedugadi P. V. K

കേരളത്തില്‍  സാമൂഹ്യ പരിവര്‍ത്തനത്തിനുവേണ്ടി നടന്ന മഹത്തായ പരിശ്രമങ്ങളില്‍ സജീവമായി പങ്കെടുത്ത് പി.വി.കെ.നെടുങ്ങാടി പത്രപ്രവര്‍ത്തന രംഗത്ത് അവഗണിക്കാന്‍ കഴിയാത്ത ഒരു മഹത്‌വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.  ഉത്തര കേരളത്തിലെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ പ്രേരകശക്തിയായും അദ്ദേഹം വര്‍ത്തിച്ചു.  1950-ല്‍ കണ്ണൂരില്‍ ആരംഭിച്ച ദേശമിത്രംവാരികയുടെ പത്രാധിപരായി രണ്ടുദശകങ്ങള്‍കൊണ്ട് അനേകംപേരെ വളര്‍ത്തിയെടുത്ത നെടുങ്ങാടിയുടെ കഴിവുകളെ കെ.പി.കേശവമേനോനും കെ.കേളപ്പനും മൂര്‍ക്കോത്ത് കുഞ്ഞപ്പയും മഹാകവി വി-യും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.  
 
1909-ല്‍ സെപ്തംബര്‍ 29-ന് നെല്ലായിയില്‍ ജനിച്ച പി.വി.കുഞ്ഞിക്കുട്ടന്‍ വടക്കെതില്‍ രാവുണ്ണി നെടുങ്ങാടിയുടെ പുത്രനാണ്.  മിതവാദി പത്രത്തിന്റെ ലേഖകനായിട്ടാണ് പത്രപ്രവര്‍ത്തനത്തില്‍ തുടക്കം. ദേശമിത്രത്തിന്റെ പത്രാധിപരായി കൈവരിച്ച നേട്ടം സുദര്‍ശനം ദിനപത്രത്തിലൂടെ ഒരു ദശാബ്ദക്കാലം ഉത്തരകേരളത്തിനും നെടുങ്ങാടി സംഭാവന നല്‍കി.  പരശു എന്ന തൂലികാ നാമത്തിലും കെ.എന്‍.നെല്ലായി എന്ന പേരിലും നെടുങ്ങാടി അനേകം ലേഖനങ്ങലെഴുതിയിട്ടുണ്ട്.  
 
സംസ്ഥാന സ്വയംഭരണം, ഇന്ത്യന്‍ ഫെഡറേഷന്‍, ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍, പലസ്തീന്‍ കലാപം, റഷ്യയുടെ മറുവശം, ബാബു രാജേന്ദ്രപ്രസാദ് എന്നിവയാണ് പ്രധാന കൃതികള്‍.  അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.  കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ജന്മഭൂമിയുടെ ചീഫ് എഡിറ്ററായിരിക്കെയാണ് മരണം.