ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : എതിര്‍ക്കുന്നത് യാഥാര്‍ത്ഥ്യം അറിയാത്തവര്‍ - ഡോ.ക്ലോഡ് അല്‍വാറിസ്
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള യഥാര്‍ത്ഥ ധാരണ ഇല്ലാത്തവരാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി സാമ്പത്തിക ശാസ്ത്രജ്ഞന് ഡോ.ക്ലോഡ് അല്‍വാറിസ്. കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ മാധ്യമം-ജനാധിപത്യം-പരിസ്ഥിതി എന്ന വിഷയത്തെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട മലനിരകളിലുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണം. ഇതിന് മുന്നോടിയായി പ്രദേശവാസികളുടെ ആശങ്കകള്‍ അകറ്റുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം. ഇതിന് മാധ്യമങ്ങള്‍ മുന്‍കൈ എടുക്കണം. കനത്തപരിസ്ഥിതികാഘാതമുണ്ടാക്കുന്ന പ്രവര്‍ത്തികളെ മാത്രമാണ് റിപ്പോര്‍ട്ട് എതിര്‍ക്കുന്നത്.
ഗ്രാമസഭകള്‍ക്ക് കൂടുതല്‍ അധികാരം നല്കി തങ്ങളുടെ അഭിപ്രായങ്ങള്‍ പറയാനും തീരുമാനത്തിലിടപെടാനും കഴിയണം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ പൂര്‍ണ്ണമായി എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. മേഖലയില്‍ കൃഷിനടത്തുന്നതിന് റിപ്പോര്‍ട്ട് എതിരല്ല. കനത്തതോതിലുള്ള രാസവള-കീടനാശിനി പ്രയോഗങ്ങള്‍ ഒഴിവാക്കി കൃഷിനടത്താം. റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ വസ്തുതകളില്‍ അധിഷ്ഠിതമായ ചര്‍ച്ചകളാണ് നടത്തുന്നതെന്ന് ഉറപ്പുവരുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത് - ഡോ.ക്ലോഡ് അല്‍വാറിസ് പറഞ്ഞു.
അക്കാദമി നിര്‍വാഹക സമിതിയംഗം എന്‍.രാജേഷ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജു റാഫേല്‍, ലക്ചറര്‍ കെ.ഹേമലത എന്നിവര്‍ സംസാരിച്ചു.