സ്ത്രീവിഷയങ്ങള്‍ എഴുതുന്നവരെ ഫെമിനിസ്റ്റെന്ന് മുദ്രകുത്തരുത്- കല്പന ശര്‍മ
സ്ത്രീവിഷയങ്ങള്‍ എഴുതുന്നവരെ ഫെമിനിസ്റ്റ് എന്ന് മുദ്രകുത്തരുതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക കല്പന ശര്‍മ. സമൂഹത്തിലെ പല പ്രശ്‌നങ്ങളുടെയും മാനുഷികവശം പുറത്തുകൊണ്ടുവരാന്‍ പുരുഷപത്രപ്രവര്‍ത്തകരേക്കാള്‍ കഴിവ് സ്ത്രീകള്‍ക്കാണെന്നും അവര്‍ പറഞ്ഞു.
കേരള പ്രസ് അക്കാദമിയും നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ (കേരള) യും ചേര്‍ന്ന് നടത്തിയ വനിതാമാധ്യമ ശില്പശാലയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സമൂഹം മാറിയെന്ന് പറയുമ്പോഴും മാധ്യമരംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കെ.എ.ബീന അധ്യക്ഷയായി. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍, പ്രസ് ക്ലബ് പ്രസിഡന്റ് പി.പി.ജെയിംസ്, വെങ്കിടേഷ് രാമകൃഷ്ണന്‍, ഷീബ അമീര്‍, മീര അശോക്, തുടങ്ങിയവര്‍ പങ്കെടുത്തു.
സിനിമ ഒരു പുരുഷലോകമാണെന്ന സങ്കല്‍പം നിലനിര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് 'മാധ്യമങ്ങളിലെ സ്ത്രീ-മിഥ്യയും യാഥാര്‍ഥ്യവും' എന്ന വിഷയത്തില്‍ രാവിലെ നടന്ന സെമിനാറില്‍ പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ ബീന പോള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ പശ്ചാത്തലസൗകര്യങ്ങള്‍ സ്ത്രീകള്‍ക്കനുസരിച്ച് മാറിയിട്ടില്ല. ഈ സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കുന്ന സ്ത്രീകളെ സഹപ്രവര്‍ത്തകരായ പുരുഷന്‍മാര്‍ അംഗീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. എ.സഹദേവന്‍, വിധു വിന്‍സന്റ് തുടങ്ങിയവരും പങ്കെടുത്തു.