മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തെ നേരിന്റെ വഴിയിലൂടെ നയിക്കണം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സമൂഹത്തെ നേരിന്റെ വഴിയിലൂടെ നയിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് പത്രപ്രവര്‍ത്തകര്‍ക്കുള്ളതെന്ന് ഗതാഗതവനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള പ്രസ് അക്കാദമിയും പത്തനംതിട്ട പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന മാധ്യമ പഠനക്യാമ്പിന്റെ ഉദ്ഘാടനം അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങളുടെ ശരിതെറ്റുകള്‍ വേര്‍തിരിച്ചറിയാനുള്ള തീവ്രയജ്ഞം മാധ്യമപ്രവര്‍ത്തകര്‍ നടത്തണം.
വിമര്‍ശം നേര്‍വഴിയിലൂടെ നയിക്കാനുള്ളതാവണം. മാധ്യമരംഗത്തെ മത്സരം സത്യത്തെ കൈവിട്ടുകൊണ്ടാവരുത്. ബ്രേക്കിങ് ന്യൂസ് സത്യമല്ലെങ്കില്‍ അത് തിരുത്താനാവാത്ത സാഹചര്യമാണുള്ളത്. മാറ്റത്തിനുവിധേയമായിക്കൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനം സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുന്നതാവണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ശരിയുടെ ഭാഗത്തേക്ക് നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍സംസാരിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍, ജനറല്‍ കൗണ്‍സില്‍ അംഗം ഇ.പി.ഷാജുദീന്‍, എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗം എന്‍.രാജേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, സെക്രട്ടറി സജിത്ത് പരമേശ്വരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാര്‍ത്തയുടെ മലയാളം, പ്രാദേശിക വാര്‍ത്ത എഴുതുമ്പോള്‍, വാര്‍ത്തയും നിയമവും എന്നീ വിഷയങ്ങളില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എ.സഹദേവന്‍, മാത്യഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ.രാജഗോപാല്‍, ഡോ.ഒ.കെ.മുരളീകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകരും പ്രാദേശിക പത്രപ്രവര്‍ത്തകരുമായി മുഖാമുഖം നടന്നു. മനോരമ അസോ. എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, ദീപിക അസോ. എഡിറ്റര്‍ ടി.സി.മാത്യൂ, മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍, ദേശാഭിമാനി സ്പെഷല്‍ കറസ്പോണ്ടന്‍റ് ബിജു കുര്യന്‍, കേരള കൗമുദി അസി.എഡിറ്റര്‍ വിശ്വന്‍ എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. പ്രസ് അക്കാദമി എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗം എന്‍.രാജേഷ് മോഡറേറ്ററായിരുന്നു.
ചൊവ്വാഴ്ച വിവരാവകാശനിയമത്തെകുറിച്ച് അഡ്വ.ഡി.ബി.ബിനു, ക്രൈംറിപ്പോര്‍ട്ടിങ്ങിനെ കുറിച്ച് ജിജോജോണ്‍ പൂത്തേഴത്ത്, മാധ്യമങ്ങളിലെ വനിതയെകുറിച്ച് ആര്‍.പാര്‍വതീദേവി എന്നിവര്‍ ക്ലാസെടുത്തു.