You are here:

പ്രസ് അക്കാദമി പുതിയ ബാച്ചിന് തുടക്കമായി.

പത്രപ്രവര്‍ത്തകര്‍ തൊഴിലിനെ ഉത്തരവാദിത്വത്തോടെ കാണണമെന്നും സെന്‍സേഷനലിസത്തിന്റെ പിന്നാലെ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രമുഖ പത്രപ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ വി. പി. രാമചന്ദ്രന്‍ പറഞ്ഞു. പ്രസ് അക്കാദമിയിലെ ജേര്‍ണലിസം, ടി. വി. ജേര്‍ണലിസം, പബ്ല'ിക് റിലേഷന്‍സ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ വ്യവസ്ഥയെ നിലനിര്‍ത്തുന്ന നെടുംതൂണാണ് ജനാഭിപ്രായത്തെ രൂപീകരിക്കുന്ന മാധ്യമങ്ങള്‍. മാധ്യമങ്ങളാണ് പലപ്പോഴും ഭാഷ സൃഷ്ടിക്കുന്നത് എന്നാല്‍ അടിയന്തിരഘട്ടങ്ങളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുമ്പോഴും അവ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാന്‍ എന്ന് പ്രമുഖ സാഹിത്യകാരിയും അക്കാദമിയിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗവുമായ ഡോ. എം. ലീലാവതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. വിവേകമാണ് വികാരത്തേക്കാള്‍ മുന്‍പില്‍ നില്‍ക്കേണ്ടതെന്നും ടീച്ചര്‍ ഓര്‍മിപ്പിച്ചു. 
ലോകം വിരല്‍ത്തുമ്പിലേക്ക് മാറുന്ന കാലത്ത് അതനുസരിച്ച് കുതിക്കാന്‍ മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന അക്കാദമി ലോകവ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച അക്കാദമി വൈസ് ചെയര്‍മാന്‍ കെ. സി. രാജഗോപാല്‍ പറഞ്ഞു.  ചടങ്ങില്‍ അക്കാദമി സെക്രട്ടറി എന്‍. എസ്. അനില്‍ കുമാര്‍ സ്വാഗതവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ രാജു റാഫേല്‍ നന്ദിയും പറഞ്ഞു.