You are here:

Sebastian K. C

കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയലേഖകന്മാരില്‍ ഒരാളായിരുന്നു കെ.സി.സെബാസ്റ്റിയന്‍. ഒടുവില്‍ ലേഖകവൃത്തിയുടെ അതിരുകള്‍ ലംഘിച്ച് അദ്ദേഹം രാഷ്ട്രീയ മേഖലകളിലേക്ക് സഞ്ചാരം നടത്തി പതിനേഴാം വയസ്സില്‍ പത്രത്തില്‍ ഏജന്‍സി ഒര്‍ഗനൈസറായി പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം രാജ്യസഭാംഗം വരെ ആയി.

കെ.സി.സെബാസ്റ്റ്യന്‍ അമ്പതുകളിലാണ് ദീപികയുടെ തിരുവനന്തപുരം ലേഖകനാവുന്നത്. പിന്നീട് ബ്യൂറോ ചീഫും സ്‌പെഷല്‍ കറസ്‌പോണ്ടന്റും ആയി. തലസ്ഥാനലേഖകന്‍ എന്ന നിലയിലുള്ള വാര്‍ത്താക്കത്തിന് പുറമെ യാത്രയ്ക്കിടയില്‍ എന്ന കോളം  കെ.സി.എസ് എന്ന പേരിലും ദീര്‍ഘകാലം എഴുതിപ്പോന്നു. മൂന്ന് പതിറ്റാണ്ടിലേറെ ദീപികയുടെ തലസ്ഥാനലേഖകനായിരുന്നു. നീണ്ട കാലം എഴുതിയ നിയമസഭാവലോകനം ഏറെ ശ്രദ്ധേയമായിരുന്നു. അന്ന് പ്രമുഖരായ തലസ്ഥാനലേഖകന്മാര്‍ സംസ്ഥാനരാഷ്ട്രീയത്തിലെ കിങ്‌മേക്കര്‍മാര്‍ കൂടിയായിരുന്നു. രാഷ്ട്രീയസംഭവങ്ങളില്‍ അവര്‍ വലിയ പങ്ക് വഹിക്കാറുണ്ട്്. കെ.സി.സെബാസ്റ്റ്യന്‍ ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. 1979 ല്‍ കേരള കോണ്‍ഗ്രസ് നോമിനിയായി രാജ്യസഭയിലെത്തിയത് ഇതിന്റ തുടര്‍ച്ചതന്നെ. രാജ്യസഭാംഗമാകുന്നതിന് മുമ്പ് അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം പോലുമുണ്ടായിരുന്നില്ല. പി.ടി.ചാക്കോവിന്റെ മരണശേഷം കേരളാകോണ്‍ഗ്രസ് രൂപവല്‍ക്കരണത്തിലും അതിനെ വളര്‍ത്തുന്നതിലും ലേഖകന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്ത സംഭാവനകളാണ് അദ്ദേഹത്തെ രാജ്യസഭയില്‍  എത്തിച്ചത്. ഏത് ഉന്നത രാഷ്ട്രീയ പദവി വഹിക്കുതിനുള്ള  യോഗ്യത അദ്ദേഹത്തിന് ഉണ്ടായിരുന്നു. 1985 വരെ രാജ്യസഭയില്‍  പ്രവര്‍ത്തിച്ചു.

കേരള പത്രപ്രവര്‍ത്തകയൂണിയന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. തിരുവന്തപുരം പ്രസ് ക്ലബ്ബ് സ്ഥാപിക്കുന്നതിലും മുന്‍കൈ എടുത്തിട്ടുണ്ട്. കേരള  പ്രസ് അക്കാദമി ജനറല്‍കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.  കാല്‍നൂറ്റാണ്ടിലേറെ നിയമസഭ റിപ്പോര്‍ട്ട്് ചെയ്ത അദ്ദേഹം പ്രത്യേകം ആദരിക്കപ്പെട്ടി്ട്ടുണ്ട്. കേസരി ജേണലിസ്റ്റ്  ട്രസ്റ്റും അദ്ദേഹത്തെ ആദരിച്ചു.

പാലായ്ക്ക് അടുത്ത് കരൂരിലെ  പ്രശസ്തമായ കാടന്‍കാവല്‍ ചാക്കോയുടെയും മറിയത്തിന്റെയും മകനായ 1929 നവംബര്‍ രണ്ടിനാണ് ജനിച്ചത്. തിരുവനന്തപുരം  യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദമെടുത്തു.

1986 ജുലൈ 20 ന് അന്തരിച്ചു. 

Previous:
Next: