You are here:

Vijayan O. V

ഒ.വി.വിജയന്‍
പ്രമുഖ  നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റും ആയ ഒ.വി.വിജയന്‍ ശ്രദ്ധേയനായ കോളമിസ്റ്റ് കൂടിയാണ്. 1979-81 കാലത്ത് ' മലയാളനാട് ' വാരികയില്‍ എഴുതിയ ഇന്ദ്രപ്രസ്ഥം പംക്തി അടിയന്തരാവസ്ഥയുടെയും അതിന് ശേഷമുള്ള കാലത്തിന്റെയും തത്ത്വചിന്താപരമായ വിശകലനമായിരുന്നു.   

1979 മുതല്‍ കാല്‍നൂറ്റാണ്ടോളം വിജയന്‍ പല പ്രസിദ്ധീകരണങ്ങള്‍ ആഴ്ചപംക്തി എഴുതിയിട്ടുണ്ട്.  മലയാളനാട്, മാതൃഭൂമി, ഇന്ത്യാടുഡെ, ഇല്ലസ്‌ട്രേറ്റഡ് വീക്‌ലി തുടങ്ങിയവയില്‍. ' കേരളീയ സമൂഹത്തിന് നല്‍കിപ്പോന്ന ആഘാതചികിത്സയാണ് ഈ ലേഖനങ്ങള്‍ എന്ന് നിരൂപകര്‍ വിലയിരുത്തിയിട്ടുണ്ട്. രാഷ്ട്രീയവ്യവഹാരത്തില്‍ ഇടപെട്ടുകൊണ്ടുള്ള ധാര്‍മികമായ ചോദ്യങ്ങളാണ് വിജയന്‍ ഈ കോളങ്ങളിലൂടെ എന്നും ഉയര്‍ത്തിയിട്ടുള്ളത്. ഇവ കേരള രാഷ്ട്രീയത്തിന്റെ കക്ഷികലഹങ്ങളില്‍ ഒതുങ്ങിനിന്നില്ല. പത്രപ്രവര്‍ത്തകന്റെ സൂക്ഷ്മവിശകലനത്വരയും നിശിതമായ നീതിബോധവും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ ആ കാലത്തെ രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഉള്ള ഓര്‍മപ്പെടുത്തലുകളായിരുന്നു. ഇവ നമ്മുടെ ചരിത്രത്തിന്റെ കൂടി ഓര്‍മപ്പെടുത്തലുകളായി നിലനില്‍ക്കുന്നു. വിജയന്റെ കഥകളിലും കാര്‍ട്ടൂണുകളിലും പ്രകടിതമായ ദാര്‍ശനികത ഈ കോളം ലേഖനങ്ങളിലും വായിച്ചെടുക്കാം. വിജയന്‍ മലയാള സാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനാണ്.
ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ 1930 ജുലൈ രണ്ടിന് പാലക്കാട് മങ്കരയില്‍ ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍നിന്ന് ഇംഗ്ലീഷ് ബിരുദം നേടിയ വിജയന്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായാണ് തുടങ്ങിയത്. താനൊരു നല്ല അധ്യാപകനായിരുന്നില്ലെന്ന് വിജയന്‍ പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. എന്തായാലും അധ്യാപകവൃത്തി അധികം തുടര്‍ന്നില്ല. ദല്‍ഹിയിലേക്ക് നീങ്ങി ശങ്കേഴ്‌സ് വീക്‌ലിയിലും (1958), പേട്രിയറ്റ് പത്രത്തിലും ( 1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ മുഴുവന്‍ സമയ സ്വതന്ത്ര പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായി. ഫാര്‍ ഈസ്‌റ്റേ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പര പ്രശസ്തമാണ്. 

ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം തുടങ്ങിയ ആറ് നോവലുകളും മുപ്പതിലേറെ മറ്റ് ഗ്രന്ഥങ്ങളും ഒ.വി.വിജയനെ മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളാക്കുന്നു.  2005 മാര്‍ച്ച് മുപ്പതിന് വിജയന്‍ ഹൈദരബാദില്‍ അന്തരിച്ചു.

Previous:
Next: