Muttathu Varkey
മുട്ടത്ത് വര്‍ക്കി
മുട്ടത്ത് വര്‍ക്കി അറിയപ്പെടുന്ന നോവലിസ്റ്റാണ്. മലയാളത്തിലെ ഏറ്റവും ജനപ്രിയ നോവലിസ്റ്റ് പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനും ആണെന്നത് അപൂര്‍വമാളുകള്‍ മാത്രമേ ഓര്ക്കുന്നുണ്ടാവൂ. 1950 മുതല്‍ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതി അംഗമായിരുന്നു. പത്രത്തില്‍ 'നേരും നേരമ്പോക്കും' എന്ന പംക്തി അദ്ദേഹം ജിന്‍ എന്ന പേരിലാണ് എഴുതിയിരുന്നത്. 1947-50 കാലത്ത് ആഴ്ചപ്പതിപ്പിലാണ് തുടങ്ങിയത്. പിന്നെ വാരാന്തപ്പതിപ്പില്‍ 79-80 കാലം വരെ തുടര്‍ന്നു. ആക്ഷേപഹാസ്യരീതിയിലുള്ള രാഷ്ട്രീയവിമര്ശനങ്ങളാണ് ഈ പംക്തിയില്‍ അദ്ദേഹം നിര്‍വഹിച്ചിരുന്നത്.
ചങ്ങനാശ്ശേരി ചെത്തിപ്പുഴയില്‍ മുട്ടത്തു മത്തായിയുടേയും അമ്മയുടേയും ഒന്‍പതു മക്കളില്‍ നാലാമനായി 1915 ഏപ്രില്‍ 28നാണ് മുട്ടത്ത് വര്‍ക്കി ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്കൂളില്‍ അദ്ധ്യാപകനായി. അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല എന്നു വന്നപ്പോള്‍ ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. കുറച്ചു നാള് എം.പി.പോളിന്റെ ട്യൂട്ടോറിയലില് പഠിപ്പിച്ചു. പിന്നീടാണ്് ദീപികയില്‍ ചേരുന്നത്.
81 നോവലുകള്‍, 16 ചെറുകഥാ സമാഹാരങ്ങള്‍, 12 നാടകങ്ങള്‍, 17 വിവര്‍ത്തനകൃതികള്‍, അഞ്ച് ജീവചരിത്രങ്ങള്‍ എന്നിവയടക്കം ഇരുന്നൂറോളം കൃതികള്‍ എഴുതിയിട്ടുണ്ട്. ആ കാലത്തെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം ആര്‍ക്കും മനസ്സിലാവുന്ന സുന്ദരമായ ഭാഷയില്‍ ആവിഷ്കരിച്ചാണ് മുട്ടത്തുവര്‍ക്കി ജനപ്രിയ എഴുത്തുകാരനായത്. അദ്ദേഹത്തിന്റെ 26 നോവലുകള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രങ്ങള്‍.
1989 മേയ് 28നു മുട്ടത്തു വര്‍ക്കി അന്തരിച്ചു.