Chandy T
ടി.ചാണ്ടി ഒരു വൈദികനാകണമൊണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. അദ്ദേഹം ആ വഴിയെ അല്ല പോയതെങ്കിലും ഒരു വൈദികന്റെ പ്രവര്‍ത്തനമേഖലയ്ക്കും അപ്പുറം ആധ്യാത്മിക-ധാര്‍മിക ചിന്തകള്‍ പ്രസരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഞായറാഴ്ചകളില്‍ മനോരമയുടെ മുഖപ്രസംഗം ധാര്‍മിക മൂല്യങ്ങളെപ്പറ്റിയാവണമെന്ന് തീരുമാനിച്ചത് ചീഫ് എഡിറ്റര്‍ കെ.എം.ചെറിയാനായിരുന്നു. ആദ്യഘട്ടങ്ങളില്‍ മുഖപ്രസംഗങ്ങള്‍ അദ്ദേഹം പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. പിന്നീട് അത് ടി.ചാണ്ടി ഉള്‍പ്പെടെ ഉള്ള പത്രാധിപ സമിതിയംഗങ്ങള്‍ എഴുതിത്തുടങ്ങി.
ചില വലിയ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞായറാഴ്ചകളില്‍ തന്നെ അതേപ്പറ്റി മുഖപ്രസംഗം എഴുതേണ്ടി വന്നതോടെയാണ് ധാര്‍മിക മൂല്യങ്ങള്‍ പകരുന്ന മുഖപ്രസംഗം 'ഇന്നത്തെ ചിന്താവിഷയം'എ പേരില്‍ വാരാന്തപ്പതിപ്പിലെത്തിയത്. അന്ന്് മുതല്‍ ടി.ചാണ്ടിയാണ് അത് എഴുതിയത്. റിട്ടയര്‍ ശേഷവും മരിക്കുന്നത് വരെ അദ്ദേഹം പംക്തി എഴുതി,
ടി.ചാണ്ടിയുടെ പേരില്ലാതെ. പേരില്ലാതെ, പത്രാധിപരുടെ വാക്കുകളായി വരുന്നതാണ് പംക്തിക്ക് ആധികാരികത ഉണ്ടാക്കുക എന്ന് പത്രാധിപസമിതിക്ക് തോന്നിയതാണ് കാരണം. പക്ഷേ, അദ്ദേഹം പംക്തി എഴുതുമ്പോള്‍തന്നെ പുസ്തകം പുറത്തുവന്നത് ടി.ചാണ്ടിയുടെ പേരില്‍ ആയിരുന്നു. വമ്പിച്ച വില്‍പ്പന ലഭിച്ച ഒരു പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ 'നൂറ്റൊന്നു ചിന്തകള്‍' . പതിനായിരം കോപ്പി വരെ വിറ്റ വര്‍ഷങ്ങളുണ്ട്. അമ്പതുകളില്‍ മനോരമ വാരാന്തപ്പതിപ്പ് ആരംഭിച്ചതുമുതല്‍ അതിന്റെ പത്രാധിപരായിരുന്ന ടി.ചാണ്ടി. മനോരമ വാര്ഷികപ്പതിപ്പിന്റെയും ബാലരമയുടെയും പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വടക്കേക്കര മല്ലപ്പള്ളി സ്വദേശിയായ ചാണ്ടി സി.എം.എസ് സ്കൂളിലാണ് പഠിച്ചത്. എഴുപത്തേഴാം വയസ്സില്‍ 1992 ആഗസ്ത് എട്ടിന് അന്തരിച്ചു. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ ടീച്ചര്‍ ആയിരുന്ന പരേതയായ അച്ചിയാമ്മ ചാണ്ടിയാണ് ഭാര്യ.