Uthama Kurup C
സി.ഉത്തമക്കുറുപ്പ്
ഗാന്ധിയന്‍ ജീവിതരീതി പിന്തുടര്‍ന്ന ഉത്തമക്കുറുപ്പ് അരനൂറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു. ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു.
ബഹുഭാഷാ പണ്ഡിതനും ആധ്യാത്മിക രംഗത്തെ ശ്രദ്ധേയനുമായിരുന്നു മാതൃഭൂമി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ആയി വിരമിച്ച ഉത്തമക്കുറുപ്പ്. ഭാഷാശുദ്ധിയും ആശയവ്യക്തതയും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹം മാതൃഭൂമിയില്‍ എഴുതിയ മുഖപ്രസംഗങ്ങള്‍. മുഖപ്രസംഗങ്ങള്‍.
വരേന്നിനാട്ടില് വടക്കേക്കാട് ചിറ്റഴി പാപ്പിക്കുട്ടിയമ്മയുടെയും എടക്കഴിയൂര്‍ പതിയേരി മാളികയ്ക്കല്‍ കുട്ടന്‍നായരുടെയും (കണ്ണന്) മകനായി 1933 സപ്തംബര്‍ 25ന് ജനിച്ച ഉത്തമക്കുറുപ്പ് 1954 സപ്തംബര്‍ 19ന് കൊച്ചിയില്‍ ദീനബന്ധുവിന്റെ സബ് എഡിറ്ററായിട്ടായിരുന്നു പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. 59 മുതല്‍ ഗാന്ധി സ്മാരക നിധിയുടെ പ്രസിദ്ധീകരണ വിഭാഗത്തില്‍ അസിസ്റ്റന്റ് എഡിറ്ററായി. 1963 ഫിബ്രവരി 11ന് മാതൃഭൂമി കൊച്ചി യൂണിറ്റില്‍ സബ് എഡിറ്ററായി ചേര്‍ന്നു. സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ന്യൂസ് എഡിറ്റര്‍, ഡെപ്യൂട്ടി എഡിറ്റര്‍, അസിസ്റ്റന്റ് എഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. മാതൃഭൂമിയുടെ കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ മലയാള പത്രപ്രവര്‍ത്തനത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അദ്ദേഹം 2007ല്‍ മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു. മാതൃഭൂമിയുടെ ചരിത്ര രചനയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. വാര്‍ത്തകളിലെ ഘടനാപരമായ പങ്കുകള്‍ വിശകലനം ചെയ്യുന്ന മാതൃഭൂമിയിലെ ചൊവ്വാദോഷം പംക്തി ഏറെക്കാലം കൈകാര്യം ചെയ്തു.
സോവിയറ്റ് യൂണിയനില്‍ നടന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹമെഴുതിയ 'ജനഹിതം ജയിക്കുന്നു' എന്ന മുഖപ്രസംഗത്തിന് 1992ലെ മുട്ടത്തുവര്‍ക്കി പുരസ്കാരം ലഭിച്ചു. 1994ല്‍ മുഖപ്രസംഗത്തിനുള്ള മാധവവാര്യര്‍ പുരസ്കാരവും ലഭിച്ചു. ഇംഗ്ലണ്ടില്‍ തോംസണ്‍ ഫൗണ്ടേഷന് നടത്തിയ പത്രപ്രവര്‍ത്തന പരിശീലനത്തില്‍ പങ്കെടുത്ത ആദ്യ മലയാളിയാണ്. പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ഇന്ത്യയുടെ ആദ്യ ദേശീയ പത്രപ്രവര്‍ത്തന പരിശീലനത്തില്‍ പങ്കെടുത്ത മൂന്ന് മലയാള പത്രപ്രവര്‍ത്തകരില്‍ ഒരാളും അദ്ദേഹമായിരുന്നു. 2015 ഒക്റ്റോബര്‍ 12 ന് സ്വദേശമായ പുയൂര്ക്കുളത്ത് അന്തരിച്ചു. അവിവാഹിതനായിരുന്നു.