You are here:

T N Gopakumar

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു ടി എന്‍ ഗോപകുമാര്‍(1957- 31 ജനവരി 2016) 

മാധ്യമരംഗത്ത് മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സാന്നിധ്യമായിരുന്നു ടി എന്‍ ജി എന്നറിയപ്പെട്ട ടി എന്‍ ഗോപകുമാര്‍. ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടി എന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയിലൂടെ അവഗണിക്കപ്പെട്ടവരുടെ വേദനകളും വ്യഥകളും ലോകത്തിനുമുമ്പില്‍ എത്തിക്കാന്‍ അദ്ദേഹത്തിനായി.

ഇന്ത്യന്‍ എക്‌സ്പ്രസില്‍നിന്ന്് മാധ്യമപ്രവര്‍ത്തനം തുടങ്ങിയ ടി എന്‍ ജി മാതൃഭൂമിയിലും ന്യൂസ് ടൈമിലും ഇന്ത്യാ ടുഡേയിലും പ്രവര്‍ത്തിച്ചു. സ്റ്റേറ്റ്‌സ്മാനിലും പിന്നീട് ബിബിസിക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കംമുതല്‍ വാര്‍ത്താ വിഭാഗം മേധാവിയായിരുന്നു. സിനിമ, സാഹിത്യ, സാംസ്‌കാരിക മേഖലകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. ദില്ലി, പയണം, മുനമ്പ്, ശുദ്രാന്‍, കൂടാരം, ശുചീന്ദ്രം രേഖകള്‍, അകമ്പടി സര്‍പങ്ങള്‍, വോള്‍ഗാ തരംഗങ്ങള്‍ കണ്ണകി തുടങ്ങിയവയാണ് കൃതികള്‍. ശുചീന്ദ്രംരേഖകള്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.  മാതൃഭൂമിയില്‍ ജേണലിസം ട്രെയ്‌നി ആയിരിക്കുമ്പോഴാണ് എഫ്.സി.സി.ജെ ടോക്കിയോ ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെട്ടത്.   

ജീവന്‍ മശായ് എന്ന ചിത്രവും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത വേരുകള്‍ എന്ന സീരിയലും സംവിധാനം ചെയ്തിട്ടുണ്ട്. 
വട്ടപ്പള്ളിമഠം പി നീലകണ്ഠശര്‍മയുടെയും എല്‍ തങ്കമ്മയുടെയും മകനായി ശുചീന്ദ്രത്തായിരുന്നു ജനനം. ശുചീന്ദ്രം ക്ഷേത്രസ്ഥാനികര്‍ ആയിരുന്നു അച്ഛന്‍.
ഭാര്യ: ഹെദര്‍ ഗോപകുമാര്‍, മക്കള്‍: ഗായത്രി, കാവേരി.

Previous:
Next: