പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കായി മാധ്യമമേഖലയില്‍ പ്രത്യേക പദ്ധതി

കേരളത്തിലെ മാധ്യമ മേഖലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി പ്രത്യേക പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കേരളമീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടപ്പാക്കുന്നു. ഇതിലേക്ക് അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് മാര്‍ച്ച് മൂന്നുവരെ കേരള മീഡിയ അക്കാദമിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. 

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വികസനത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണെങ്കിലും മാധ്യമരംഗത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇതിനെ അതീവ ഗൗരവമായാണ് സംസ്ഥാനസര്‍ക്കാരും കേരള മീഡിയ അക്കാദമിയും കാണുന്നത്. എസ്.സി/എസ്.ടി പിന്നോക്കക്ഷേമ മന്ത്രി ഒ.ആര്‍.കേളു പ്രത്യേക താല്പര്യമെടുത്ത് പട്ടികജാതി വികസനവകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കുകയാണ്. 

ഇതിലൂടെ ഈ വിഭാഗത്തിലെ 15 പേര്‍ക്ക് വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരമാവധി രണ്ടുവര്‍ഷത്തെ ട്രെയിനി നിയമനം ലഭിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അറിയിച്ചു. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയോ, ബിരുദമോ,  ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപക്ഷിക്കാം. 21 നും 35 വയസ്സിനുമിടയില്‍ പ്രായമുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സെലക്ഷന്‍ ലിസ്റ്റ്    സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കും. ഇവരില്‍ നിന്നും മാധ്യമസ്ഥാപനങ്ങളില്‍ നിയമിതരാകുന്ന ട്രെയിനികള്‍ക്ക് പ്രതിമാസം 15000 രൂപ സര്‍ക്കാര്‍ ഓണറേറിയം നല്‍കും. ഇതിനു പുറമെ കുറഞ്ഞത് 5000 രൂപ മാധ്യമസ്ഥാപനങ്ങള്‍ നല്‍കണം എന്നതാണ് മീഡിയ അക്കാദമി മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദ്ദേശം.

മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ സംവിധാനത്തിന് അകത്തുനിന്നുകൊണ്ടായിരിക്കും ട്രെയിനി പരിശീലനം. ഒരു വര്‍ഷത്തേക്കാണ് ട്രെയിനി നിയമനമെങ്കിലും ആവശ്യമെങ്കില്‍ ഒരു വര്‍ഷം കൂടി നീട്ടിനല്‍കാം ഈ കാലയളവിലും സര്‍ക്കാര്‍ വിഹിതം നല്‍കും.അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിനുളള ചുവടുവയ്പാണിത്. ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.orgwww.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. അവസാന തിയതി 2025 മാര്‍ച്ച് 3

അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തില്‍ അയയ്ക്കണം.  ഫോണ്‍-0484-242227

Click here to download Application Form