കാമ്പിശ്ശേരിയുടെ ജീവചരിത്രം: വി.എം. സുധീരന്‍ പ്രകാശനം ചെയ്തു
കൊല്ലം: ഭരണാധികാരികള്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാല്‍ എല്ലാ മാഫിയകളെയും മണിക്കൂറുകള്‍ക്കുള്ളില്‍ അമര്‍ച്ച ചെയ്യാനാവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കോഴിക്കോട് കളക്ടര്‍ മണല്‍ മാഫിയയ്‌ക്കെതിരെ ഇച്ഛാശക്തിയോടെ നടപടികളെടുക്കുമ്പോള്‍ തൃശ്ശൂര്‍ കളക്ടര്‍ മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.പത്രപ്രവര്‍ത്തകന്‍ കെ.സുന്ദരേശന്‍ രചിച്ച 'കാമ്പിശ്ശേരി, കാലം കാത്തുവച്ച പത്രാധിപര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം കൊല്ലം പ്രസ്‌ക്ലബ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു വി.എം.സുധീരന്‍.
നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമാന്തര ഭരണസംവിധാനം ഇവിടെ ശക്തിപ്രാപിച്ചു വരികയാണ്. സാമ്പത്തിക താത്പര്യം വച്ചുപുലര്‍ത്തുന്ന ശക്തികള്‍ ജന്മിത്വത്തിന്റെ പുതിയ രൂപത്തില്‍ ഉടലെടുത്തിരിക്കുന്നു. നെല്‍വയല്‍ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും അട്ടിമറിക്കപ്പെടുന്നു. രാഷ്ട്രീയഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ സഹായത്തോടെയാണിത്. രാഷ്ട്രീയം അധികാരത്തിനുവേണ്ടി മാത്രമുള്ള ഒരു ഉപാധിയായി മാറിയിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിന് പാവങ്ങളോടുള്ള കൂറ് കുറഞ്ഞുവരുന്നു. തങ്ങളില്‍ അര്‍പ്പിതമായ ചുമതല നിര്‍വഹിക്കാതെ രാഷ്ട്രീയ സമൂഹം സാധാരണക്കാരില്‍നിന്ന് അകലുകയാണ്. പൊതുമുതല്‍ കൊള്ളയടിയ്ക്കുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ രാഷ്ട്രീയ നേതൃത്വം ഇച്ഛാശക്തി പ്രകടിപ്പിക്കാതെ ഒഴിഞ്ഞുമാറാകയണെന്ന് വി.എം.സുധീരന്‍ പറഞ്ഞു.
പ്രസ് അക്കാദമി പ്രസിദ്ധപ്പെടുത്തുന്ന പന്ത്രണ്ടാമത് പുസ്തകമാണ് കാമ്പിശ്ശേരിയുടെ ഈ ജീവചരിത്രം. പ്രശസ്ത പത്രപ്രവര്‍ത്തകനായ പി.സുജാതന്‍ ആണ് അവതരിക എഴുതിയത്
പുതിയൊരു വായനസംസ്‌കാരം വളര്‍ത്തിയെടുത്ത പത്രാധിപ പ്രതിഭയായിരുന്നു കാമ്പിശ്ശേരി കരുണാകരനെന്ന് സുധീരന്‍ അനുസ്മരിച്ചു. വാക്കിലും പ്രവൃത്തിയിലും അന്തരം ഏറിവരുന്ന ഇക്കാലത്ത് വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിതത്തിലും പ്രവൃത്തിയിലും സത്യസന്ധത പുലര്‍ത്താന്‍ കാമ്പിശ്ശേരിക്കു കഴിഞ്ഞു. സമൂഹിക പരിവര്‍ത്തിനത്തിന് കലയും സാഹിത്യവും എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നാടകത്തിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും കാമ്പിശ്ശേരിക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
തെങ്ങമം ബാലകൃഷ്ണന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രസ് അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രസാധനച്ചടങ്ങില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി.രാജഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു. ഡോ. പ്രസന്നരാജന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രസ് ക്ലബ് പ്രസിഡന്റ് രാജു മാത്യു സംസാരിച്ചു. എസ്.സുധീശന്‍ സ്വാഗതവും കെ.സുന്ദരേശന്‍ നന്ദിയും പറഞ്ഞു.