You are here:

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

 

തിരുവനന്തപുരം: വിജ്ഞാനലോകത്തിലേക്ക് മലയാളിയുടെ ജാലകമായിരുന്ന പത്രാധിപരും ഗ്രന്ഥകാരനുമായ ചിന്തകന്‍ പി. ഗോവിന്ദപ്പിള്ള (86) അന്തരിച്ചു. നവംബര്‍ 14 ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഗോവിന്ദപ്പിള്ള വ്യാഴാഴ്ച രാത്രി 11.15 നാണ് അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.
 
പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയുടെയും മകനായി 1926 മാര്‍ച്ച് 25നാണ് ഗോവിന്ദപ്പിള്ള ജനിച്ചത്. യൗവ്വനാരംഭത്തില്‍ ആഗമാനന്ദസ്വാമികളുടെ ശിഷ്യനായി കാലടി ശങ്കരാശ്രമത്തില്‍ കഴിഞ്ഞ അദ്ദേഹം പോരാട്ടവഴിയിലൂടെ കമ്മ്യൂണിസ്റ്റായി. പാര്‍ട്ടിയുടെ സൈദ്ധാന്തികരില്‍ പ്രമുഖനായി. പി.ജി. എന്ന ചുരുക്കപ്പേരില്‍ രാഷ്ട്രീയത്തിലും വൈജ്ഞാനികമണ്ഡലത്തിലും നിറഞ്ഞുനിന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച 'വൈജ്ഞാനിക വിപ്ലവം  ഒരു സാംസ്‌കാരികചരിത്രം' ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. എണ്ണമറ്റ പുസ്തകങ്ങള്‍ വായിച്ചുകൂട്ടി. സ്വന്തം നിലപാടുകള്‍ വെട്ടിത്തുറന്നുപറഞ്ഞ് പലപ്പോഴും വിവാദ പുരുഷനായി. പാര്‍ട്ടി പലവട്ടം പിണങ്ങിയിട്ടും അവസാനംവരെ അദ്ദേഹം കമ്മ്യൂണിസ്റ്റായി തുടര്‍ന്നു.പുല്ലുവഴി കീഴില്ലം കുറുപ്പുപ്പടി സ്‌കൂളിലാണ് വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. ആലുവ യു.സി. കോളേജില്‍ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെയും എം.പി. പോളിന്റെയും ശിഷ്യനായിരുന്ന പി.ജി. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബി.എ. ഓണേഴ്‌സ് നേടിയത്. ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ തന്നെ രാഷ്ട്രീയത്തില്‍ തല്പരനായി. ഗാന്ധിയന്‍ രാഷ്ട്രീയത്തോടായിരുന്നു പ്രതിപത്തി. 
 
കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ യുവാക്കളില്‍ പടര്‍ന്നുപിടിക്കുമ്പോഴും റഷ്യ പറയുന്നത് മാത്രം കേള്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോകാന്‍ പി.ജി. മടിച്ചുനിന്നു. പിന്നീട് പി. കൃഷ്ണപിള്ള വന്ന് നേരിട്ട് സംസാരിച്ചു. അതോടെ 1946ല്‍ പി.ജി., പി.കെ.വി., മലയാറ്റൂര്‍ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റായി. മുംബൈ സെന്റ് സേവ്യേഴ്‌സില്‍ എത്തിയപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെട്ടു. ബി.എ. പഠനകാലത്തിനിടയ്ക്ക് പോലീസിനെ ആക്രമിച്ച കേസില്‍ ജയിലിലായി. ഒന്നരവര്‍ഷം പുണെ യര്‍വാദാ ജയിലില്‍ കിടന്നു. 1951ല്‍ ജയില്‍മോചിതനായി തിരിച്ച് കേരളത്തിലെത്തിയ പി.ജി. എന്ന ബി.എ. ഓണേഴ്‌സുകാരന്‍ 25ാം വയസ്സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തിരുകൊച്ചി നിയമസഭാംഗമായി. അടുത്തവര്‍ഷം സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം. 195455ല്‍ ഡല്‍ഹിയില്‍ 'ന്യൂ ഏജില്‍' പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പി.ജി.യെ കേന്ദ്രകമ്മിറ്റിയുടെ കീഴിലേക്ക് അയച്ചു.
 
1957-59ലും 1967-69ലും പെരുമ്പാവൂരില്‍ നിന്ന് കേരളനിയമസഭാംഗമായിരുന്നു പി. ഗോവിന്ദപിള്ള. 1965ല്‍ തടങ്കലിലായിരുന്ന അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചുവെങ്കിലും ആ നിയമസഭ ചേരുകയുണ്ടായില്ല. 1953ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സഹോദരീഭര്‍ത്താവായ പി.കെ.വി.യും ഭാര്യയുടെ അമ്മാവനായ എം.എന്‍. ഗോവിന്ദന്‍നായരും സി.പി.ഐ.യില്‍ നിന്നപ്പോള്‍ പി.ജി. സി.പി.എമ്മില്‍ നിലകൊണ്ടു. പാര്‍ട്ടിയുടെ ആശയപ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 1964ല്‍ ദേശാഭിമാനി പത്രത്തിന്റെയും വാരികയുടെയും എഡിറ്ററായി. 1982 വരെ ഈ സ്ഥാനം തുടര്‍ന്നു.
 
1981 ല്‍ കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായിരുന്നു പി.ജി. 1987ല്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.ജി. സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സിഡിറ്റ്)യുടെ സ്ഥാപക ഡയറക്ടറാണ്. ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. കോഴിക്കോട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം, പുരോഗമന കലാസാഹിത്യസംഘം സ്ഥാപകാംഗം, കേന്ദ്രസാഹിത്യ അക്കാദമി അംഗം, 'ഇപ്റ്റ' സംസ്ഥാന വൈസ് പ്രസിഡന്റ്, കൈരളി, ജനശക്തി ഫിലിം സൊസൈറ്റിയില്‍ സ്ഥാപകാംഗം എന്നീ നിലകളില്‍ വിവിധ മേഖലകളില്‍ പി.ജി. വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൈരളി ചാനലിലെ വിദേശരംഗം പരിപാടി അവതരിപ്പിച്ചു. ഇ.എം.എസ്. സമ്പൂര്‍ണ കൃതികള്‍ (നൂറ് വാല്യം) ജനറല്‍ എഡിറ്ററാണ്.സൈലന്റ്‌വാലി പ്രശ്‌നത്തിലും ടിയാനന്‍ മെന്‍സ്‌ക്വയര്‍ പ്രശ്‌നത്തിലും പാര്‍ട്ടി ഔദ്യോഗിക നിലപാടിനോട് വിയോജിച്ച പി.ജി.യെ പാര്‍ട്ടി ഒന്നിലേറെ തവണ ശിക്ഷിച്ചിട്ടുണ്ട്. പി.ജി.യുടെ കുടുംബം രാഷ്ട്രീയത്തിന്റെ മുഖ്യധാരകളുമായി സജീവബന്ധം പുലര്‍ത്തുന്നു. ഏകസഹോദരി കെ.പി. ലക്ഷ്മിക്കുട്ടിയമ്മ പരേതനായ സി.പി.ഐ. നേതാവും മുന്‍മുഖ്യമന്ത്രിയുമായ പി.കെ. വാസുദേവന്‍ നായരുടെ ഭാര്യയാണ്. എം.എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവള്‍ എം.ജെ. രാജമ്മയാണ് പി.ജി.യുടെ ഭാര്യ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ റിട്ട. ഫിലോസഫി പ്രൊഫസറാണ്.
 
മകന്‍ എം.ജി. രാധാകൃഷ്ണന്‍ (ഇന്ത്യാ ടുഡേ), രാധാകൃഷ്ണന്റെ ഭാര്യ ജയശ്രീ ഐ.എസ്.ആര്‍.ഒ.യില്‍ ശാസ്ത്രജ്ഞയാണ്. മകള്‍: ആര്‍. പാര്‍വതീദേവി. എം.എല്‍.എ.യും മുന്‍ മേയറുമായ വി. ശിവന്‍കുട്ടിയാണ് പാര്‍വതിയുടെ ഭര്‍ത്താവ്.