You are here:

മാധ്യമങ്ങള്‍ക്ക് ന്യായയുക്തമായ വിവേചനാധികാരം വേണം: അഡ്വ. ശ്രീധരന്‍പിള്ള

 

കണ്ണൂര്‍: മാധ്യമങ്ങളുുെട ന്യായയുക്തമായ വിവേചനാധികാരമാണ് ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ശക്തിനല്കുകയെന്ന് പ്രമുഖ അഭിഭാഷകനും ബി.ജെ.പി. നേതാവുമായ അഡ്വ. ശ്രീധരന്‍ പിള്ള പറഞ്ഞു. പത്രപ്രവര്‍ത്തകരും പത്രഉടമകളും ആ നീതിബോധം ഉപയോഗപ്പെടുത്തിയാല്‍ പ്രതിസന്ധികള്‍ ഉണ്ടാവില്ല അദ്ദേഹം പറഞ്ഞു.

 

ദേശീയ മാധ്യമദിനത്തിന്റെ ഭാഗമായി കേരള പ്രസ്അക്കാദമിയും കണ്ണൂര്‍ പ്രസ്‌ക്ലബ്ബും സംയുക്തമായി നടത്തിയ മാധ്യമ സെമിനാറില്‍ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമവേട്ടകളില്‍ ഇരകളായവര്‍ ഒരുപാടുണ്ട്. അവര്‍ക്ക് നീതികിട്ടുന്നില്ല എന്നത് വളരെ ശരിയാണ്.

 

കുറ്റകൃത്യം നടക്കുമെന്ന് അറിഞ്ഞിട്ടും അത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റംചുമത്തി ഗുരതരമായ കേസെടുത്ത സംഭവം കണ്ണൂരില്‍ ഉണ്ടായിട്ടുണ്ട്. അതിനോട് യോജിക്കാന്‍ കഴിയില്ല. അങ്ങനെയെങ്കില്‍ എവിടെയെങ്കിലും കുറ്റകൃത്യം നടക്കുമെന്നറിഞ്ഞ് അവിടെയെത്തുന്ന മാധ്യമപ്രവര്‍ത്തകരുടെപേരില്‍ ആ കുറ്റകൃത്യം തടയാന്‍ ശ്രമിച്ചില്ലെന്നതിന് കേസെടുക്കേണ്ടിവരില്ലേ. പെറ്റിക്കേസിനുപോലും 307 ചുമത്തുന്ന കുറ്റാന്വേഷണ രീതിയാണ് മാറേണ്ടത്. മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം മാധ്യമ അവബോധവും സമൂഹത്തിലുണ്ടാവണം അദ്ദേഹം പറഞ്ഞു.

 

പ്രസ് കൗണ്‍സില്‍ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന സ്ഥാപനംമാത്രമായാല്‍ പത്രപ്രവര്‍ത്തനസ്വാതന്ത്ര്യം അവതാളത്തിലാകുമെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത പ്രസ് അക്കാദമി ചെയര്‍മാനും 'മാതൃഭൂമി' ഡെപ്യൂട്ടി എഡിറ്ററുമായ എന്‍.പി.രാജേന്ദ്രന്‍ പറഞ്ഞു. കോടതിപോലും പലപ്പോഴും മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ദൃശ്യമാധ്യമത്തിന് പറ്റിയ ചെറിയ തെറ്റിന് 100 കോടി പിഴയിട്ട സംഭവം ഉണ്ടായിട്ടുണ്ട് അദ്ദേഹം പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ. ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി ആശംസനേര്‍ന്നു.

 

'തേജസ്' എഡിറ്റര്‍ എന്‍.പി.ചേക്കുട്ടി, അഡ്വ. ഷണ്‍മുഖന്‍, കെ.ജയന്‍, 'മാതൃഭൂമി' തൃശ്ശൂര്‍ ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.സുസ്മിത എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അക്കാദമി നടത്തിയ ലേഖനമത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനം പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി.ചന്ദ്രന്‍ വിതരണംചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.എന്‍.ബാബു അധ്യക്ഷനായി. അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി എന്‍.പി.സന്തോഷ് സ്വാഗതവും പ്രസ്‌ക്ലബ് സെക്രട്ടറി സി.കെ.കുര്യാച്ചന്‍ നന്ദിയും പറഞ്ഞു.