മാധ്യമങ്ങള്‍ ആത്മപരിശോധനയ്ക്ക് തയ്യാറാകണം
പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ യഥാര്‍ത്ഥ വസ്തുത മാധ്യമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് വി.ഡി.സതീശന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
മറച്ചുവയ്ക്കപ്പെടുന്ന വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് സത്യം ജനങ്ങളെ അറിയിക്കുകയെന്ന സാമൂഹിക പ്രതിബദ്ധതയാണ് ജനങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയമാധ്യമദിനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള പ്രസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ.
സെന്‍സേഷണല്‍ വാര്ത്തകളള്ക്കുവേണ്ടി വസ്തുതകള്‍ ദുരുപയോഗം ചെയ്യുന്ന രീതി ഇന്ന് മുഖ്യധാര മാധ്യമങ്ങള്‍പോലും അവലംബിക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമോ എന്ന വിഷയത്തില്‍ ആത്മപരിശോധനയ്ക്കു മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കള്‍ എന്ന വിശേഷണത്തിന് ശോഷണം സംഭവിച്ചതായും കാവല്‍നായ്ക്കളെ നിരീക്ഷിക്കാന്‍ പുതിയ നായ്ക്കളെ വക്കണമെന്ന സ്ഥിതിയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന പത്രപ്രവര്ത്തകന് അപ്പുക്കുട്ടന് വള്ളിക്കുന്ന് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ദുസ്വാതന്ത്ര്യം കൂടുതലായി വരികയാണെന്ന് മാധ്യമസ്വാതന്ത്ര്യം എവിടെവരെ ആകാമെന്നും മാധ്യമങ്ങള്‍ തന്നെ പരിശോധിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ മാധ്യമ നിരീക്ഷകന് ചെറിയാന് ഫിലിപ്പ് പറഞ്ഞു.
കോര്‍പ്പറേറ്റുകളും രാഷ്ട്രീയ കക്ഷികളും ജാതിമതശക്തികളും സര്‍ക്കാരുമാണ് മാധ്യമരംഗം നിയന്ത്രിക്കുന്നത്. ഇപ്പോള്‍ കള്ളത്തരം പറയാതിരിക്കുന്നത് സര്‍ക്കാരിന്റെ മുഖമെന്നു പറയുന്ന മാധ്യമങ്ങളാണെന്നും ചെറിയാന് ഫിലിപ്പ് അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ സ്വതന്ത്രമായി അറിയിക്കാന്‍ സോഷ്യല്‍ മീഡിയകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മാത്രമല്ല ചില വികസിത രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിന് നിയന്ത്രണം വേണമോ എന്ന കാര്യം ചര്ച്ചയായിക്കൊണ്ടിരിക്കുകയാണെ ന്നും മത്സരം തീഷ്ണമായ മാധ്യമരംഗം മാധ്യമ സ്വാതന്ത്ര്യത്തിന്റെ അന്ത:സത്ത ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് വിമര്‍ശന വിധേയമാകുന്നുണ്ടെന്നും വിഷയം അവതരിപ്പിച്ച പ്രസ് അക്കാദമി ചെയര്മാന് എന്‍.പി.രാജേന്ദ്രന് പറഞ്ഞു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ബ്രിട്ടനിലുണ്ടായ സംഭവങ്ങള്‍ മൂലം വാര്‍ത്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന ചിന്തയാണ് അവിടുത്തെ ജനങ്ങളില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് അക്കാദമി ജനറല്കൗസില് അംഗം പി.സുജാതന്‍ അദ്ധ്യക്ഷത വഹിച്ചു, കേരള പ്രസ് അക്കാദമി സെക്രട്ടറി വി.ആര് അജിത് കുമാര്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല നന്ദിയും പറഞ്ഞു.
ദേശീയമാധ്യമദിനത്തോടനുബന്ധിച്ച് മാധ്യമനിയന്ത്രണം അനിവാര്യമോ എന്ന വിഷയത്തില്‍ നടത്തിയ ലേഖന മത്സരത്തില്‍ വിജയികളായ ജിതീഷ് പി.എം, അഞ്ജലി സാറാ ബേബി, അഭിജിത് വി.എം, ഫെമി പോള്‍ എന്നിവര്‍ക്ക് അക്കാദമി ചെയര്മാന് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും വിതരണം ചെയ്തു.