You are here:

മാധ്യമങ്ങള്‍ അടിസ്ഥാന ജനവിഭാഗങ്ങളില്‍നിന്ന് അകലുന്നു ശശികുമാര്‍

ചെന്നൈ: മാധ്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് മധ്യവര്‍ത്തി സമൂഹത്തിന്റ താത്പര്യങ്ങളാണെന്നും അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നവര്‍ മാറിപ്പോകുന്നുവെന്നും ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര്‍ അഭിപ്രയപ്പെട്ടു. കേരള പ്രസ്അക്കാദമിയും കെ.യു.ഡബ്ല്യു.ജെ. ചെന്നൈ ഘടകവും ചേര്‍ന്ന് നടത്തിയ ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

''മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് അതിന്റെ മൂലധനവും ആസ്തിയും. മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പുകളെല്ലാം സുതാര്യവും കൃത്യതയും നിറഞ്ഞതല്ല. ഗ്രാമീണ ജനവിഭാഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വാര്‍ത്തകള്‍ കുറഞ്ഞുവരികയാണ്'' അദ്ദേഹംപറഞ്ഞു. 'ഹൂസ് വോയ്‌സ് ഈസ് മീഡിയ' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.

പത്രപ്രവര്‍ത്തകയെ ലൈംഗികമായിപീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന തെഹല്‍ക്ക പത്രാധിപര്‍ തരുണ്‍ തേജ്പാല്‍ മാധ്യമ സമൂഹത്തിന് കളങ്കമായതായി ശശികുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കുള്ളിലുള്ളവര്‍ വിമര്‍ശിക്കപ്പെടരുതെന്ന ധാരണ ശരിയല്ല. തെഹല്‍ക്ക പത്രാധിപരുടെ കേസ് വിദൂരമായ എവിടെയോ നടന്നതായി ചിത്രീകരിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത് അദ്ദേഹം അഭിപ്രായപ്പെട്ടു. 

നികുതി നല്‍കുന്നവരുടെ താത്പര്യം സംരക്ഷിക്കാനാണ് മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത്. രാഷ്ട്രീയക്കാരെ ചെറുതാക്കി അവതരിപ്പിക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഭാരതത്തിലെ 8085 ശതമാനം പേര്‍ വീക്ഷിക്കുന്ന ദൂരദര്‍ശനേക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ സ്വകാര്യ ചാനലുകള്‍ക്ക് ലഭിക്കാന്‍ കാരണം മധ്യവര്‍ത്തി പ്രീണനം തന്നെയാണെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റുകളെ അടിസ്ഥാനമാക്കിയാണ് വാര്‍ത്തകള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു

ശക്തമായ വിമര്‍ശനങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും മാധ്യമങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ ജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് പറഞ്ഞു. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി .രാജഗോപാല്‍, സെക്രട്ടറി വി.ആര്‍. അജിത്കുമാര്‍, കെ.യു.ഡബ്ല്യൂ.ജെ. ചെന്നൈ ഘടകം പ്രസിഡന്റ് കെ.എ. ജോണി എന്നിവര്‍ സംസാരിച്ചു.