You are here:

Aboobakar V. C

1918-ല്‍ എടക്കാട് ടി.എം.മൂസക്കുട്ടി സാഹിബിന്റെ മകനായി തലശ്ശേരിയില്‍ ജനിച്ച വി.സി.അബൂബക്കര്‍ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് പഠിത്തം ഉപേക്ഷിച്ച് പത്രപ്രവര്‍ത്തകനായത്.  
അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍അമീന്‍ പത്രമായിരുന്നു ആദ്യകളരി.  അഭ്യസ്തവിദ്യരും വാസനാസമ്പന്നരുമായ ചെറുപ്പക്കാരെ അല്‍അമീന്‍ പത്രം ആകര്‍ഷിച്ച കാലമായിരുന്നു അത്.  നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യമാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരാന്‍ വി.സി.യെ പ്രേരിപ്പിച്ചത്.  1939-ല്‍ ചന്ദ്രിക ദിനപത്രമായപ്പോള്‍  വിസി.പത്രാധിപസമിതി അംഗമായി.  1941-ല്‍ കെ.കെ.മുഹമ്മദ് ഷാഫി  പത്രാധിപസ്ഥാനംവിട്ട് വി.സി.യുടെ പേരില്‍ പുതിയ ഡിക്ലറേഷന്‍ ഫയല്‍ ചെയതതോടെ വി.സി.പത്രാധിപരും പ്രിന്ററും പബ്ലിഷറുമായി.
വി.സി.യുടെ ശൈലിക്ക് അത്ഭുതകരമായ ചൈതന്യവിശേഷമാണ് കാണപ്പെട്ടത്. പത്രാധിപര്‍ എന്ന നിലയില്‍ വി.സി.കാഴ്ചവെച്ച ആത്മാര്‍ത്ഥതയുടേയും ആത്മാഭിമാനത്തിന്റെയും കഥകള്‍ മരണംവരെ സി.എച്ച്. അയവിറക്കാറുണ്ട്.  പത്രധര്‍മ്മത്തിന്റെ ആത്മാവ് നഷ്ടപ്പെടുന്ന ഒന്നിനും അദ്ദേഹം കൂട്ടുനിന്നില്ല. അജയ്യവും അഭേദ്യവുമായ ഉള്‍ക്കരുത്തോടെയും തളരാത്ത മന:ക്കരുത്തോടെയുമാണ് 1946-ല്‍ ചന്ദ്രിക കോഴിക്കേട്ടേക്ക്  പറിച്ചുനട്ടപ്പോള്‍ ചരിത്രത്തിന്റെ വഴിത്താരയില്‍ പുതിയ നാഴികക്കല്ലുകള്‍ നാട്ടാന്‍ വി.സി.എത്തിയത്.  
 
നടക്കാവിലായിരുന്നു ചന്ദ്രികയുടെ ആദ്യ ഓഫീസ്.  പകല്‍ മുഴുവന്‍ പ്രാദേശിക വാര്‍ത്തകള്‍ തേച്ചുമിനുക്കും.  അതിഥികളെ സ്വീകരിക്കും.  കത്തുകള്‍ പരിശോധിക്കും.  മുഖപ്രസംഗവും എഴുതും.  രാത്രിഷിഫ്റ്റില്‍ പ്രൂഫ് റീഡറായും മാറും.  വൈ.എം.സി.എ റോഡിലേക്ക് ചന്ദ്രിക പ്രസ് മാറ്റിയപ്പോഴും ബാലാരിഷ്ടതകള്‍ നിലനിന്നു.  വൈദ്യൂതി നിലച്ചാല്‍ ഇരുട്ടിലാവും.  ജനറേറ്ററില്ല.  ശമ്പളം യഥാവിധികിട്ടാത്ത ദൗര്‍ഭാഗ്യകരമായ അവസ്ഥയിലും മഹത്തായ യത്‌നത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടിയില്ല.  പത്രപ്രവര്‍ത്തനം ഒരു ജീവനോപാധി എന്നതിനേക്കാള്‍ സേവനരംഗമായി വീക്ഷിച്ചതുകൊണ്ട് അര്‍പ്പണബോധവും വാശിയും മുന്നിട്ടുനിന്നുവെന്ന് ആത്മകഥയില്‍ വി.സി.രേഖപ്പെടുത്തി.  പത്രത്തിന് സ്റ്റാമ്പ് ഒ'ിക്കുന്നതിനും റാപ്പര്‍ ചുറ്റുന്നതിനും എണ്ണിക്കൊടുക്കുന്നതിനും എഡിറ്ററും മാനേജരും പരസ്പരം മത്സരിച്ചു.  വി.സി.അബൂബക്കര്‍ പ്രിന്ററും പബ്ലിഷറും എഡിറ്ററുമായിരിക്കെ സി.എച്ചിന് പുറമെ സഹപ്രവര്‍ത്തകരായുണ്ടായിരുന്നത് തുര്‍ക്കി വിപ്ലവത്തിന്റെയും  അബലയുടെ പ്രതികാരത്തിന്റെയും കര്‍ത്താവ് വി.അബ്ദുള്‍ഖയ്യൂമും ആദ്യകാല പത്രാധിപര്‍ കെ.കെ.മുഹമ്മദ്ഷാഫിയുടെ സഹോദരന്‍ കല്ലിങ്ങല്‍ അബ്ദുസാഹിബും എലത്തൂരിലെ ഏലികുഞ്ഞിയും താനൂബരിലെ ഡോ.സി.എം.കു'ിയും കോഴിക്കേട്ടെ പി.എ.അബൂബക്കറും  പി.എ മുഹമ്മ്ദകോയയും കോട്ടക്കലെ യു.എ.ബീരാനുമൊക്കെയായിരുന്നു.  മലയാള സാഹിത്യത്തില്‍ ഏറെ ദാരിദ്ര്യം ഹാസ്യശാഖക്ക് പുതിയ ശക്തിസൗന്ദര്യങ്ങള്‍ സമ്മാനിച്ച വി.സിയുടെ ആത്മസൂഹൃത്തുക്കളായിരുന്നു എസ്.കെ.പൊറ്റെക്കാടും തിക്കൊടിയനും ഉറൂബും ബഷീറുമൊക്കെ.  ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ന്ന പത്രാധിപന്മാരുടെ കോഫറന്‍സില്‍ കേരളത്തില്‍ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു വി.സി.അബൂബക്കര്‍.  കോഴിക്കോട് കുണ്ടുങ്ങലിലെ തോപ്പില്‍ ഇമ്പിച്ചിക്കോയാമുഖിന്റെ ഏകപുത്രി സി.പി.കുഞ്ഞിബീവിയായിരുന്നു ഭാര്യ.  1949-ലായിരുന്നു വിവാഹം.  നാലുപുത്രന്മാരും മൂന്നു പുത്രിമാരുമുണ്ട്.  സലീം (ജിദ്ദ) മൂസ (കണ്ണൂര്‍) സി.പി.അബ്ദുറഹിമാന്‍ (റിയാദ്) നബീസ (തലശ്ശേരി) എന്നിവരാണ് മക്കള്‍.