You are here:

C.H.Kunhappa

സി.എച്ച്.കുഞ്ഞപ്പ

മാതൃഭൂമിയുടെ ജോയന്റ് എഡിറ്ററും പ്രശസ്തനായ എഴുത്തുകാരനുമായിരുന്നു സി.എച്ച്. കുഞ്ഞപ്പ. 42 വര്‍ഷം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു. സബ് എഡിറ്റര്‍, ലീഡര്‍ റൈറ്റര്‍,  എഡിറ്റര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തിട്ടുണ്ട്. 1930 എപ്രില്‍ ഒന്നിന് ജോലിയില്‍ പ്രവേശിച്ച് 1972 ലാണ് അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചത്. 
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍ എന്നീ കൃതികള്‍ ഉള്‍പ്പെടെ പല പ്രശസ്ത കൃതികളും അദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിചാരകോരകം എന്ന നിരൂപണ ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അധ്യാപകനായിരുന്ന കുഞ്ഞപ്പ, കെ.കേളപ്പന് മാതൃഭൂമി പത്രാധിപസ്ഥാനം ഒഴിയേണ്ടിവന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രേരണയിലാണ് പത്രാധിപത്വം ഏറ്റെടുത്തത്. ഗുരുവായൂര്‍ സത്യാഗ്രഹകാലത്തും നിയമലംഘനപ്രസ്ഥാന ഘട്ടത്തിലും മാതൃഭൂമി പത്രാധിപരായിരുന്ന് നിര്‍ണായകമായ പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. കുഞ്ഞപ്പയുടെ മുഖപ്രസംഗ ശൈലി പ്രൗഡവും വിമര്‍ശനം വിവേകപൂര്‍ണവുമായിരുന്നു.  

1907 ല്‍ കണ്ണൂര്‍ ജില്ലയിലെ മക്രേരിയിലാണ് ജനിച്ചത്. തലശ്ശേരി മിഷന്‍ സ്‌കൂളിലും ബ്രണ്ണന്‍ കോളേജിലും ഏറണാകുളം മഹാരാജാസ് കോളേജിലും പഠിച്ചു. കേളപ്പജിയുടെ മകള്‍ കെ.ദേവകിയമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ. രണ്ടുപെണ്‍മക്കള്‍. 
72 ാം വയസ്സില്‍ 1980 ജുലായി 16ന് അന്തരിച്ചു