You are here:

Yesudasan C. J.

കാര്‍ട്ടൂണ്‍ കലയെ മൂര്‍ച്ചയുള്ള രാഷ്ട്രീയ വിമര്‍ശനത്തിന്റെ ചാട്ടുളിയാക്കി മാറ്റിയ കാര്‍ട്ടൂണിസ്റ്റാണ് ചക്കലേത്ത് ജോണ്‍ യേശുദാസന്‍.  ജനയുഗത്തിലെ കിട്ടുമ്മാനും മലയാള മനോരമയിലെ കുഞ്ചുകുറുപ്പും മലയാള പത്രവായനക്കാരുടെ മനസ്സില്‍ കുടിയേറിയ രാഷ്ട്രീയ നര്‍മ കഥാപാത്രങ്ങളാണ്.  അല്ലാതെയുള്ള നിരവധി കാര്‍ട്ടൂണുകള്‍ വേറെയും.    പത്തനംതിട്ട ജില്ലയിലെ മാവേലിക്കര താലൂക്കിലെ ഭരണിക്കാവിനടുത്ത് കറ്റാനത്താണ് യേശൂദാസന്‍ ജനിച്ചത്, 1938 ജൂണ്‍ 12-ന്.  പിതാവ് ജോണ്‍ മത്തായി.  മാതാവ് മറിയാമ്മ. ഭരണിക്കാവില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  ഇടപ്പള്ളിയിലും സ്‌കൂള്‍തല വിദ്യാഭ്യാസം നടത്തിയിട്ടുണ്ട്.  പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലായിരുന്നു ഉപരി പഠനം.

1955-ല്‍ കോട്ടയത്തുനിന്നുള്ള അശോക എന്ന മാഗസിനിലായിരുന്നു ആദ്യ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.  1960-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ജനയുഗത്തിലൂടെ രാഷ്ട്രീയ കാര്‍ട്ടൂണുകളിലേക്ക് കടന്നു.  മലയാളത്തിലെ ആദ്യ രാഷ്ട്രീയ കാര്‍ട്ടൂണായിരുന്നു ജനയുഗത്തിലെ കിട്ടുമ്മാന്‍.

1963-ല്‍ ശങ്കേഴ്‌സ്  വീക്കിലിയില്‍  ചേരുന്നതിന് ദല്‍ഹിക്ക് തിരിച്ചു.  ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി കുറച്ചുകാലം. പിന്നീട് കേരളത്തിലേക്ക് മടങ്ങി.  ബാലയുഗം എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി.  തുടര്‍ന്ന് അസാധു, കട്ട'്-കട്ട'്, ടക് ടക് തുടങ്ങിയവയും രാഷ്ട്രീയ-സിനിമാ ചേരുവയില്‍ ഹാസ്യപ്രധാനമായ സാധു എന്ന മാഗസിനും നടത്തി.

1985-ല്‍ മലയാള മനോരമയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി.  മനോരമയുടെ മുഖമുദ്രയായി നിരവധി രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടു.   കാര്‍ട്ടൂണിനെ വലിയൊരു സാമൂഹ്യ വിമര്‍ശന ഉപാധിയായി ഉയര്‍ത്തിയ പത്രപ്രവര്‍ത്തകനാണ് യേശുദാസന്‍.

അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റ്‌മോര്‍ട്ടം, വരയിലെ നായനാര്‍ എന്നിവ യേശുദാസന്റെ പ്രസിദ്ധീകൃതമായ രചനകളാണ്.  പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങാണ് വരയിലെ നായനാര്‍ പ്രകാശനം ചെയ്തത്.

രണ്ട് മലയാള ചലച്ചിത്രങ്ങള്‍ക്ക് യേശുദാസന്‍  തിരക്കഥയെഴുതിയിട്ടുണ്ട്.  പഞ്ചവടിപ്പാലവും എന്റെ പൊന്നുതമ്പുരാനും.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനായിരുന്നു.  രണ്ടുതവണ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍മാനുമായി.

കേസരി സ്മാരക പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ അവാര്‍ഡ് (1990, 92) എന്‍.വി.പൈലി സമ്മാനം, ശിവറാം അവാര്‍ഡ് (1998), സംസ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ് പ്രസ് അവാര്‍ഡ് (2001, 02, 03) എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍  നേടിയിട്ടുണ്ട്.  

ഇപ്പോള്‍ എറണാകുളം ജില്ലയിലെ സൗത്ത് കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ താമസിക്കുന്നു.

ഭാര്യ: മേഴ്‌സി

മക്കള്‍:  സാനുദാസ്, സേതുദാസ്, സുകുദാസ്