You are here:

Karunakaran Nambiar V.

എക്‌സ്പ്രസ് പത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും വാഗ്മിയും എഴുത്തുകാരനുമായിരുന്ന വി.കരുണാകരന്‍ നമ്പ്യാര്‍  കേരളത്തിലറിയപ്പെടുന്ന പത്രപ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്നു.   അസൂയാവഹമായ ഓര്‍മ്മശക്തിയുടെ ഉടമ.  അതിനാല്‍ സുഹൃത്തുക്കള്‍ ചലിക്കുന്ന 'വിശ്വവിജ്ഞാനകോശം' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറ്.
കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തെ വലിയ വീട്ടില്‍ നാരായണന്‍ നമ്പ്യാരുടെയും കല്യാണിക്കുട്ടിയമ്മയുടെയും പുത്രനായി 1924-ലാണ് ജനനം.  മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദംനേടി.  അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.  
വിദ്യാര്‍ത്ഥി ജീവിതകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു.  ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കുചേര്‍ന്ന് ജയിലിലായി.  വിദ്യാര്‍ത്ഥി ഫെഡറേഷനിലും പിന്നീട് വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലും സക്രിയമായി.  മലബാറിലെ മുന്‍നിര വിദ്യാര്‍ത്ഥി നേതാവായി മാറിയ നമ്പ്യാര്‍ തുടര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി.  സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ  മുഖപത്രമായ 'സ്വതന്ത്രഭാരത'ത്തിന്റെ മുഖ്യപത്രാധിപരായതോടെ സുദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു.

തുടര്‍ന്ന് 'സ്വതന്ത്ര' എന്ന പത്രത്തില്‍ ചേര്‍ന്നു.   ബി.ജി. വര്‍ഗീസിന്റെ കൂടെ 'പ്രവാഹം'  വാരികയില്‍ പ്രവര്‍ത്തിച്ചു.  പ്രവാഹം പ്രസിദ്ധീകരണം നിര്‍ത്തിയപ്പോള്‍ 'ഗോമതി'യിലെത്തി.  പിന്നീടാണ് തൃശൂരില്‍ നിന്നുള്ള എക്‌സ്പ്രസ്സില്‍ അസി.എഡിറ്ററായി ചേരുന്നത്.  മൂര്‍ച്ചയുള്ള മുഖപ്രസംഗങ്ങളായിരുന്നു നമ്പ്യാരുടേത്. അസൂയാവഹമായ ഓര്‍മ്മശക്തിയുടെ ഉടമ.  അതിനാല്‍ സുഹൃത്തുക്കള്‍ ചലിക്കുന്ന 'വിശ്വവിജ്ഞാനകോശം' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറ്.

 'ഇന്ത്യയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം', 'സരോജനി നായിഡു', കുട്ടികളുടെ ജെ.പി., ചിന്തകള്‍ സ്പന്ദനങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  രാഷ്ട്രമീമാംസയും പത്രപ്രവര്‍ത്തനവുമായിരുന്നു ഇഷ്ടവിഷയം.  ഈ വിഷയങ്ങളെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. 'കിരണ്‍' എന്ന തൂലികാനാമത്തില്‍ ഹാസ്യകവിതകള്‍ എഴുതിയിട്ടുള്ള നമ്പ്യാര്‍ അരഡസനോളം ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  കുറച്ചുകാലം കേരള സാഹിത്യ അക്കാദമിയുടെ ജിഹ്വയായ 'സാഹിത്യലോക'ത്തിന്റെ പത്രാധിപസമിതി കണ്‍വീനറായിരുന്നു.

ജെ.പി.ഫൗണ്ടേഷന്റെ പ്രസിഡന്റായ അദ്ദേഹം കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം എന്നിവയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു..
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി വിശേഷിക്കപ്പെടുന്ന തൃശൂരും പരിസരത്തുമുള്ള മുഴുവന്‍ സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായും കലാസാഹിത്യവേദികളുമായും നമ്പ്യാര്‍ക്ക് ഉറ്റബന്ധമുണ്ടായിരുന്നു.  ഗാന്ധിയനും സോഷ്യലിസ്റ്റുമായ നമ്പ്യാര്‍ ഉജ്ജ്വല പ്രഭാഷകനുമായിരുന്നു.  
പത്രപ്രര്‍ത്തന രംഗത്തെ മിഴിവാര്‍ന്ന വ്യക്തിത്വമാണ് 1981-ലെ നമ്പ്യാരുടെ മരണത്തോടെ കേരളത്തിന് നഷ്ടമായത്.  
ഭാര്യ :  ചേറൂര്‍ കഴിപ്പുറത്ത്‌ സുഭ്രദ്രാമ്മ (റിട്ട: അദ്ധ്യാപിക).

മക്കള്‍ :  രഘുനാഥന്‍ (കഥാകൃത്ത്, മാതൃഭൂമി ചീഫ് ലൈബ്രേറിയന്‍),  ചന്ദ്രന്‍.