Godhavarma E. N.
പഴയകാല പത്രപ്രവര്‍ത്തകരുടെ ശ്രേണിയില്‍ അംഗമാണ് ഇ.എന്‍.ഗോദവര്‍മ്മ. ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, സഹകാരി, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തി. കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ലക്ഷ്മി അംബിക നമ്പിഷ്ടാതിരി അമ്മയുടേയും തിരുവല്ല തോട്ടാശ്ശേരി ഇല്ലത്ത് ഗോപാലന് നമ്പൂതിരിയുടേയും അഞ്ചാമത്തെ മകനായി 1927 ഡിസംബര്‍ 12-നാണ് ജനനം. കാരാപ്പുഴ സര്‍ക്കാര്‍ സ്കൂളിലും നായര്‍ സമാജം സ്കൂളിലും സ്കൂള്‍ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തേവര സേക്രഡ്ഹാര്‍ട്ട് കോളേജിലും തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിലും അദ്ധ്യാപകനായി. കോട്ടയത്തുനിന്നുള്ള 'കേരളധ്വനി' ദിനപത്രത്തില്‍ സഹപത്രാധിപരായാണ് മാധ്യമരംഗത്തെത്തുന്നത്. പത്തുവര്‍ഷത്തോളം ഇവിടെ ജോലിചെയ്തശേഷം മാതൃഭൂമി പത്രാധിപസമിതിയിലെത്തി. 1987-ലാണ് കൊച്ചി മാതൃഭൂമിയില്‍ നിന്ന് വിരമിക്കുന്നത്. കോട്ടയം പ്രവര്‍ത്തന കേന്ദ്രമായിരുന്നപ്പോള്‍ മലയാളത്തിലെ ആദ്യ ഗാര്‍ഹിക മാസിക എന്നവകാശപ്പെടുന്ന 'വീട്ടമ്മ' പ്രസിദ്ധീകരിച്ചിരുന്നു. 'ന്യൂ ഇന്ത്യഎക്സ്പ്രസ്', 'ഗായത്രി പബ്ലിക്കേഷന്‍സ്' എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. 'പ്രാദേശിക പത്രലേഖകര്‍ക്ക് ഒരു ഗൈഡ്,' 'ആധുനിക പത്രപ്രവര്‍ത്തനം' എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ഷത്രിയക്ഷേമ സഭയുടെ സ്ഥാപകനേതാക്കളിലൊരാളാണ്. അവരുടെ മുഖപത്രമായ 'ക്ഷാത്രസന്ദേശ' ത്തില്‍ സ്ഥിരം എഴുത്തുകാരനായിരുന്നു. ഗ്രന്ഥശാലാ പ്രവര്‍ത്തകനെന്ന നിലയില്‍ കോട്ടയം ഭാരതിവിലാസം ഗ്രന്ഥശാലാ പ്രസിഡന്റായും തൃപ്പൂണിത്തുറ മഹാത്മാഗ്രന്ഥശാലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാരാപ്പുഴ സര്‍വീസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, മാതൃഭൂമി സഹകരണ സംഘം എന്നിവയിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ചിറക്കല്‍ കോവിലകത്തെ പരേതയായ ഡോ.ഓമന തമ്പുരാട്ടിയാണ് (റിട്ട.ഡി.എം.ഒ) ഭാര്യ. മക്കള്‍ വന്ദന വര്‍മ്മ, യാമിനിവര്മ്മ. കോയമ്പത്തൂരില്‍ മകളോടൊപ്പം വിശ്രമജീവിതം.