You are here:

Gopalakrishnan Nair

ജി.കെ.നായര്‍

    ഔദ്യോഗിക ജീവിതത്തില്‍ സാഹസികത മുഖമുദ്രയാക്കിയ പത്രപ്രവര്‍ത്തകനാണ് ഗോപാലകൃഷ്ണന്‍ നായര്‍ എന്ന ജി.കെ.നായര്‍. ഡെമോക്രാറ്റിക് വേള്‍ഡില്‍  1983ലാണ്  പത്രപ്രവര്‍ത്തനമാരംഭിക്കുന്നത്.  പിന്നീട് ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്നുള്ള ജെറുസലേം സ്റ്റാറിലേക്ക് കുടിയേറി.  17 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ജോലിചെയ്യുകയും ചെയ്തിട്ടുണ്ട്.  
      1987ല്‍ യു.എന്‍.ഐ ദല്‍ഹി ബ്യൂറോക്കും ലണ്ടനിലെ കംപാസ് ന്യൂസ് ഫീച്ചേഴ്‌സിനും വേണ്ടി ഫിജിയിലെ പട്ടാള അട്ടിമറി കവര്‍ചെയ്തു.  ഇതിനെ തുടര്‍ന്ന് ഫിജി സര്‍ക്കാര്‍ ഗോപാലകൃഷ്ണന്‍നായരെ കരിംപട്ടികയില്‍പ്പെടുത്തി നോട്ടപ്പുള്ളിയാക്കി.  ദ്വീപിലെ നന്ദിയില്‍ ഒളിവില്‍പോയ നായരെ ഫിജിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് അന്ന് ഫിജിയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന മലയാളിയായ ടി.പി. ശ്രീനിവാസനാണ്.  ജി.കെ.നായരുടെ ഇതു സംബന്ധിച്ച നിരവധി ലേഖനങ്ങളും റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെരുന്നു.  
    1990ലെ ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും തുടര്‍ സംഭവങ്ങളും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി കവര്‍ ചെയ്തതും ജി.കെ.നായരാണ്.  പല പ്രമുഖ പത്രങ്ങളും ജി.കെ.നായരുടെ റിപ്പോര്‍ട്ടുകള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോര്‍ദ്ദാനും കുവൈറ്റും ഫിജിയും കൂടാതെ തുര്‍ക്കി, ഓസ്‌ട്രേലിയ, ദക്ഷിണസമുദ്രദ്വീപു രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയൊക്കെ  ജി.കെ.യുടെ പ്രവര്‍ത്തനരംഗങ്ങളായിരുന്നു.
    പി.ടി.ഐയുടെ മുംബൈ, ചെന്നൈ,  കൊച്ചി എന്നിവിടങ്ങളിലെ എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. 1996 മുതല്‍ ദ ഹിന്ദുവിന്റെ ബിസിനസ്സ്‌ലൈനില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്, സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ ജോലിചെയ്തു.  2008 ല്‍ വിരമിച്ചു. 
    പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ പുറമറ്റമാണ് ജന്മസ്ഥലം.  1948 ഏപ്രില്‍ 21ന് സുകുമാരന്‍ നായര്‍  കമലമ്മ ദമ്പതികളുടെ മകനായി ജനിച്ച ഗോപാലകൃഷ്ണന്‍ നായര്‍ കേരള, അണ്ണാമലൈ സര്‍വകലാശാലകളില്‍ പഠിച്ച് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.  
    ഭാര്യ : സുകുമാരിയമ്മ

   മകന്‍ : അരവിന്ദ് ഗോപാല്‍

    മരുമകള്‍ :  വാണി അരവിന്ദ്
    ഇപ്പോള്‍ കോട്ടയം ജില്ലയിലെ വാഴൂരില്‍ തീര്‍ത്ഥപാദാശ്രമത്തിലെ അന്തേവാസികളാണ് ഗോപാലകൃഷ്ണന്‍ നായരും ഭാര്യയും.

 

Previous:
Next: