Kadavanad Kuttikrishnan
പൊന്നാനി താലൂക്കിലെ കടവനാട് അംശത്തില്‍ 1925 ഒക്‌ടോബര്‍ 10-ന് അറുമുഖന്‍-ദേവകി ദമ്പതികളുടെ മകനായി ജനിച്ച കുട്ടികൃഷ്ണന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മുഴുവന്‍സമയ പത്രപ്രവര്‍ത്തകനായിട്ടാണ് രംഗത്തുവന്നത്.
എഴുത്തിന്റെ ലോകത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച കുട്ടികൃഷ്ണന്‍ കൃതികളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി. വെട്ടും കിളയും ചെന്ന മണ്ണ്, സുപ്രഭാതം, കാഴ്ച, നാദനൈവേദ്യം, കളിമുറ്റം, വഴിമുത്ത്, വയനാട്ടിന്റെ ഓമന, ഭയമകറ്റുന്ന വിശ്വാസം തുടങ്ങിയ രചനകള്‍ കടവനാടിനെ വായനലോകത്ത് അനശ്വരനാക്കി. കവിതയിലും ബാലസാഹിത്യത്തിലും വിവര്‍ത്തനത്തിലും ഒരുപോലെ പയറ്റിത്തെളിഞ്ഞ കടവനാട് പത്രപ്രവര്‍ത്തനകലയെ ചേതോഹരമാക്കി. സാഹിത്യ അക്കാദമി അംഗമെന്ന നിലയിലും പ്രശസ്ത സേവനമനുഷ്ഠിച്ചു.
സര്‍ക്കാര്‍ ഓഫീസിലും പിയേഴ്‌ലസ്ലി കമ്പനിയിലും ക്ലാര്‍ക്കായി ജോലിചെയ്തിരുന്നപ്പോള്‍ ശീലിച്ച വായനയാണ് തന്നെ പത്രപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചതെന്ന് കടവനാട് സ്മരിച്ചിട്ടുണ്ട്. പൗരധ്വനി, ജനവാണി എന്നീ പത്രങ്ങളില്‍ ആദ്യകാലത്ത് എഡിറ്റിംഗ് നിര്‍വഹിച്ച പരിചയംവെച്ച് കോഴിക്കോട് മലയാളമനോരമയില്‍ ചീഫ് സബ് എഡിറ്ററായാത് ജീവിതത്തിലെ വലിയ നേട്ടമായി അദ്ദേഹം വ്യക്തമാക്കി.
1969-ല്‍ ഗാന്ധിശതാബ്ദിക്ക് സംസ്ഥാനാടിസ്ഥാനത്തില്‍ നടന്ന കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചത് കടവനാടിന്റെ വിവാഹിതന്‍ എന്ന കവിതക്കായിരുന്നു. ഏകാങ്ക നാടകങ്ങളും എഴുതിയിട്ടുണ്ട്. മാതൃഭൂമി ബാലസംഘംവഴി ഒട്ടനവധിപേര്‍ക്ക് വഴികാട്ടി.
1992 ആഗസ്റ്റ് 19-നാണ് നിര്യാതനായത്.