You are here:

Krishna Pilla E V

സഞ്ജയനോടൊപ്പം മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യ രചയിതാവായ ഇ.വി.കൃഷ്ണപിള്ള ഉടനീളം നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. അതിലേറെ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹം സ്ഥിരം പംക്തികളും ലേഖനങ്ങളും എഴുതിപ്പോന്നു.

ഏതെല്ലാം പേരില്‍ എവിടെയെല്ലാം ഇ.വി. എഴുതി എന്നു കണ്ടെത്തുക പ്രയാസമായിരുന്നു. ഇ.വി.  ത്രിലോകസഞ്ചാരി എന്ന പേരില്‍ മലയാളരാജ്യം ചിത്രവാരികയിലും  നേത്രരോഗി എന്ന പേരില്‍ മനോരമയിലും എഴുതിയവയാണ് സമാഹരിക്കാന്‍ കണ്ടെടുത്ത ലേഖനങ്ങളിലേറെയും. സ്വന്തം ജീവിതത്തിലും ചുറ്റുപാടുകളിലുമുള്ള രസങ്ങളെ ഒരു ഗ്രാമീണന്റെ കണ്ണിലൂടെ കാണുകയാണ് ഇ.വി. കഥാകൃത്തും നാടകക്കാരനും പ്രബന്ധരചയിതാവും തൂലികാചിത്രകാരനുമെല്ലാമായ ഇ.വി ആദ്യം സര്‍ക്കാര്‍ സര്‍വീസിലും പിന്നെ അഭിഭാഷകവൃത്തിയിലുമാണ് ഉപജീവനം തേടിയത്. 1924 ല്‍ കൊല്ലത്ത് പ്രാക്റ്റീസ് ചെയ്യുന്നതിനിടെ മലയാളിയുടെ പത്രാധിപത്യം ഏറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തനവും ഒരുവഴിക്ക് നടന്നു. തിരുവിതാംകൂര്‍ നിയമസഭയിലും ശ്രീമൂലം അസംബ്ലിയിലും അംഗമായിരുന്നിട്ടുണ്ട്.

ഇ.വി. മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപര്‍ ആയിരുന്നു. കഥാകൗമുദി, സേവിനി എന്നീ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്. നാല് നോവലുകള്‍, നാല് ഭാഗങ്ങളുള്ള ചെറുകഥാ സമാഹാരം, ആത്മകഥ, മൂന്നു പ്രബന്ധസമാഹാരങ്ങള്‍, ആറ് ഹാസ്യകൃതികള്‍, ആറ് ബാലസാഹിത്യരചനകള്‍, പന്ത്രണ്ടോളം നാടകങ്ങള്‍ എന്നിവ പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട്.

സി.വി.രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരി അമ്മയാണ് ഭാര്യ . നടന്മാരായിരുന്ന അടൂര്‍ ഭാസിയും ചന്ദ്രാജിയും മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ ആയിരുന്ന കെ.പത്മനാഭന്‍ നായരും(പത്മന്‍) ഉള്‍പ്പെടെ ആറു മക്കള്‍. നാല്പ്പത്തിനാലാം വയസ്സില്‍ 1938 മാര്‍ച്ച് 30ന് അന്തരിച്ചു. 

Previous:
Next: