Sivaram M
അന്താരാഷ്ട്ര പ്രശസ്തനായ മലയാളി പത്രപ്രവര്‍ത്തകനാണ് എം.ശിവറാം. പത്രപ്രവര്‍ത്തനത്തിനു പുറമെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയ്ക്ക് വെളിയില്‍ പൊരുതിയ ഐ.എന്‍.എയുടെ സംഘാടനത്തില്‍ സുഭാഷ് ചന്ദ്രബോസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാനും ശിവറാമിന് കഴിഞ്ഞിട്ടുണ്ട്. ചെറുപ്പത്തില്‍ നാടുവിട്ടുപോയ ശിവറാം ഡല്‍ഹി, ബര്‍മ്മ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ മാറിമാറി ജോലിചെയ്ത് ഒടുവില്‍ റംഗൂണില്‍ സ്ഥിരതാമസമാക്കുകയും പത്രപ്രവര്‍ത്തനം നിത്യവൃത്തിയാക്കുകയും ചെയ്തു. ബാങ്കോക്ക് ടൈംസിന്റെ എഡിറ്ററായിരിക്കുമ്പോള്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചു. സുഭാഷ് ബോസിന്റെ 'ഡല്‍ഹി ചലോ' എന്ന വിഖ്യാതമായ മാര്‍ച്ച് പരാജയപ്പെട്ടപ്പോള്‍ ശിവറാം ഐ.എന്‍.എ.വിട്ട് പത്രപ്രവര്‍ത്തനത്തിലേക്ക് മടങ്ങി. റോയിട്ടേഴ്‌സിന്റെ തെക്കുകിഴക്കേ ഏഷ്യ ലേഖകനെന്ന നിലയില്‍ റംഗൂണില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എം.ശിവറാം നല്‍കിയ ഒരു റിപ്പോര്‍ട്ട് എക്കാലത്തേയും വലിയ വാര്‍ത്താ സ്‌കൂപ്പായി നിലനില്‍ക്കുന്നു. ആധുനിക ബര്‍മ്മയുടെ പിതാവായ ജനറല്‍ ആംഗ്‌സാന്‍ അടക്കം ആറ് മന്ത്രിമാര്‍ വെടിയേറ്റ് മരിച്ച സംഭവം യാദൃഛികമായി നേരിട്ട് കാണാനിടയായ ഏക പത്രപ്രവര്‍ത്തകനായിരുന്നു ശിവറാം. റോയിട്ടേഴ്‌സിന് അതേപ്പറ്റി അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിനുശേഷം ബര്‍മ്മയില്‍ അടിയന്തരാവസ്ഥയും വാര്‍ത്താവിനിമയ തടസ്സവും നേരിട്ടു. 48 മണിക്കൂര്‍ നേരത്തേക്ക് ദാരുണമായ ആ കൂട്ടക്കൊലയെപ്പറ്റി ലോകത്തിനു മുന്നില്‍ ശിവറാമിന്റെ റിപ്പോര്‍ട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു.
ആലപ്പുഴയിലെ തോട്ടപ്പള്ളിയില്‍ 1905-ല്‍ ജനിച്ച മാധവന്‍പിള്ള ശിവരാമപിള്ളയാണ് പില്‍ക്കാലത്ത് എം.ശിവറാം എന്ന പേരില്‍ വിഖ്യതനായിത്തിര്‍ന്നത്. ഇന്ത്യയില്‍ പി.ടി.ഐയിലും ഫ്രീപ്രസ്സിലും ആകാശവാണി വാര്‍ത്താ വിഭാഗത്തിലും ജോലി ചെയ്തിട്ടുള്ള ശിവറാം 1967-ല്‍ പത്രപ്രവര്‍ത്തനം മതിയാക്കി തിരുവനന്തപുരത്ത് വന്ന് സ്ഥിരതാമസമാക്കി. സുഹൃത്തുക്കളുടെ പ്രേരണയാല്‍ അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിനോടനുബന്ധിച്ച് സംസ്ഥാനത്തെ ആദ്യത്തെ പത്രപ്രവര്‍ത്തന പരിശീലനകേന്ദ്രം തുടങ്ങി. അതാണ് അദ്ദേഹത്തിന്റെ വിയോഗശേഷം 'ശിവറാം മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസം' എന്ന പേരില്‍ അറിയപ്പെടുന്നത്. 'വൈ വിയറ്റ്‌നാം വാര്‍?' റോഡ് ടു ന്യൂഡല്‍ഹി, 'ദ ന്യൂസ് ഐ ആം ഇന്‍ ദ മേക്കിംഗ്', 'കിഴക്കനേഷ്യന്‍ ഹൃദയങ്ങളിലൂടെ' എന്നീ ഗ്രന്ഥങ്ങള്‍ എം.ശിവറാം രചിച്ചിട്ടുണ്ട്. റോഡ് ടൂ ന്യൂഡല്‍ഹി എന്ന കൃതി ആര്‍.എസ്.പി. നോതാവായിരുന്ന എന്‍.ശ്രീകണ്ഠന്‍ നായര്‍ ഡല്‍ഹി ചലോ എന്ന പേരില്‍ പരിഭാഷപ്പെടുത്തി. ഡല്‍ഹിയില്‍ കേരളകൗമൂദി ലേഖകനായിരുന്ന അന്തരിച്ച വി.എന്‍.നായര്‍ (നരേന്ദ്രന്‍) ശിവറാമിന്റെ ജാമാതാവായിരുന്നു.