Sukumaran Nair P.C.
കേരള തലസ്ഥാനത്ത് പി.സി.സുകുമാരന്‍ നായരോളം മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്രലേഖകന്മാര്‍ വേറെ അധികമില്ല. 1931 ജുലായി 3ന് തിരുവനന്തപുരത്ത് പാല്‍കുളങ്ങരയില്‍ മധുമുക്ക് വീട്ടില്‍ കെ.പരമേശ്വരന്‍പിള്ളയുടെയും കെ.ഭാരതിയമ്മയുടെയും മകന് പി.സി.സുകുമാരന്‍ നായര്‍ ഇന്റര്‍മീഡിയറ്റിന് പഠിച്ചുകൊണ്ടിരിക്കെതന്നെ പത്രപ്രവര്‍ത്തനത്തില്‍ തുടക്കം കുറിച്ചിരുന്നു. വഞ്ചിഭൂമി വാരികയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇന്ത്യന്‍ എക്സ്പ്രസ് പ്രാദേശിക ലേഖകനായും പ്രവര്‍ത്തിച്ചു. സീനിയര്‍ ഇന്റര്‍മീഡിയറ്റില്‍ പഠിക്കുമ്പോള്‍ കേരള കൗമുദി ലേഖകനായി. ബി.എ, എം.എ ബിരുദങ്ങള്‍ നേടിയത് ജോലി ചെയ്തുകൊണ്ടുതന്നെ.
1960 മുതല്‍ 1985 വരെ തിരുവനന്തപുരത്ത് മാതൃഭൂമി ലേഖകനായിരുന്നു. പിന്നീട് കുറച്ചുകാലം കേരള കൗമുദിയിലേക്ക് മടങ്ങിയെങ്കിലും പബ്ലിക് റിലേഷന്‍സ് ഓഫീസറായി മാതൃഭൂമിയിലേക്ക് മടങ്ങി.
ഇവരെ പരിചയപ്പെടുക എന്ന പംക്തിയില്‍ കേരള കൗമുദിയില്‍ അഞ്ഞൂറിലധികം വ്യക്തികളെ പരിചയപ്പെടുത്തി. 45 വര്‍ഷം എല്ലാ ദിവസവും നിയമസഭയില്‍ ഹാജരായി റിപ്പോര്‍ട്ട് ചെയ്ത അപൂര്‍വം റിപ്പോര്‍ട്ടര്‍മാരിലൊരാളാണ് പി.സി. സഭാ റിപ്പോര്‍ട്ടിങ്ങില്‍ തന്റേതായ ശൈലിക്ക് രൂപം കൊടുത്തിട്ടുണ്ട്. നിയമസഭാറിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് ' പ്രസ് ഗാലറിയില്‍ ' നിന്ന് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അധികാരത്തിന്റെ അകത്തളങ്ങളില്‍ എന്ന പേരിലും ഒരു ലേഖനസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ പ്രസ് ക്ലബ്ബ് തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു. സ്ഥാപിതമായ കാലം മുതല്‍ കേരള പത്രപ്രവര്ത്തകയൂണിയനില് അംഗമാണ്. വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിന് കേരള ഗവണ്മെന്റിന്റെ പ്രഥമ അവാര്‍ഡ് ലഭിച്ചത് പി.സി.ക്കാണ്. പരേതയായ പ്രൊഫ.കെ. ശിവശങ്കരി ആയിരുന്നു ഭാര്യ. എസ്.മനോജ്, എസ്.മഞ്ജിത് എന്നിവര്‍ മക്കളാണ്.
2004 നവംബര്‍ എട്ടിന് അന്തരിച്ചു.