You are here:

Joy Sasthampatikkal

ജോയ് ശാസ്താംപടിക്കല്‍
അരനുറ്റാണ്ടോളം പത്രപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ജോയ് ശാസ്താംപടിക്കല്‍. ഇതില്‍ നാല് പതിറ്റാണ്ടിലേറെ മലയാള മനോരമയിലാണ് പ്രവര്‍ത്തിച്ചത്. 

1938 ഒക്‌റ്റോബര്‍ അഞ്ചിന് തൃശ്ശൂരിലെ മണ്ണുത്തിയിലാണ് ജനിച്ചത്. ജെയിംസ് ജോയ്. ആദ്യ കാലത്ത് വിദ്യാര്‍ത്ഥിരംഗത്തും രാഷ് ട്രീയത്തിലും സജീവമായിരുന്നു. കെ.എസ്.പി.നേതാവും 1967 ല്‍ മന്ത്രിയുമായ മത്തായി മാഞ്ഞൂരാന്റെ കേരള പ്രകാശം പത്രത്തില്‍ വാര്‍ത്തകളെഴുതിയാണ് തൊഴില്‍രംഗത്തേക്ക് കടക്കുന്നത്. പിന്നീട് തൃശ്ശൂരില്‍ ടെലഗ്രാഫ് പത്രം തുടങ്ങിയപ്പോള്‍ അതിന്റെ സഹപത്രാധിപരായി. 
ഫാ. ജോസഫ് വടക്കന്റെ പത്രാധിപത്യത്തിലുള്ള 'തൊഴിലാളി'യിലും കുറെക്കാലം  സഹപത്രാധിപരായിരുന്നു.  ഇക്കാലത്ത് സിനിമാ നിരൂപണ രംഗത്തും ശ്രദ്ധ ചെലുത്തി.  കൂടാതെ കഥകളും കവിതകളും പ്രസിദ്ധപ്പെടുത്തി.  കോഴിക്കോട്ട് 'മലയാള മനോരമ യൂണിറ്റ് 1966 ഡിസംബര്‍ ഒന്നിന് ആരംഭിക്കുന്നതിനു മാസങ്ങള്‍ മുന്‍പ് കോഴിക്കോട് ന്യൂസ് ബ്യൂറോയില്‍ കെ.ആര്‍. ചുമ്മാറിന്റെ സഹായിയായി പ്രവര്‍ത്തനം തുടങ്ങി. പിന്നീട് യൂണിറ്റ് ആരംഭിച്ചപ്പോള്‍ കുറെക്കാലം ന്യൂസ് ഡസ്‌കിലായിരുന്നു.  ഏഴു വര്‍ഷം 'മനോരമ പാലക്കാട് ബ്യൂറോയുടെ ചുമതലക്കാരനായിരുന്നു.  പിന്നീട് മലപ്പുറത്തും തൃശൂരിലും ജില്ലാ ലേഖകനായി. സ്‌പെഷല്‍ കറസ്‌പോണ്ടന്റായി 84 മുതല്‍ 92 വരെ തിരുവനന്തപുരം ബ്യൂറോയിലായിരുന്നു. എട്ടു വര്‍ഷം നിയമസഭാ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. 'മനോരമ യുടെ പാലക്കാട് യൂണിറ്റ് 1992 ല്‍ തുടങ്ങിയപ്പോള്‍ എഡിറ്റോറിയല്‍ വിഭാഗം മേധാവിയായി.  തുടര്‍ന്ന് യൂണിറ്റിന്റെ പൂര്‍ണ്ണ ചുമതലയുള്ള കോഓര്‍ഡിനേറ്റിങ് എഡിറ്ററും റസിഡന്റ് എഡിറ്ററുമായി.

 കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം സംഘടനയുടെ അനേകം നേതൃസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.  പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ജില്ലാ പ്രസിഡന്റായും തിരുവനന്തപുരം പ്രസ് ക്ലബിന്റെ സ്‌ക്രൂട്ടിനൈസിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ച ജോയ് ശാസ്താംപടിക്കല്‍ മൂന്നു തവണ കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സിന്റെ മേഖലാ സെക്രട്ടറിയുമായിരുന്നു. വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ പ്രസ് അഡ്വൈസറി കമ്മിറ്റി, ഭക്ഷ്യ ഉപദേശക സമിതി, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി, സംസ്ഥാന പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റി, കേരള കലാമണ്ഡലത്തിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും ജനറല്‍ കൗണ്‍സിലുകള്‍ എന്നിവയില്‍ അംഗമായിരുന്നു.  ദേശീയ സമാധാന ഐക്യദാര്‍ഢ്യ കൗണ്‍സില്‍ പാലക്കാട് ജില്ലാ പ്രസിഡന്റായും ഇന്ത്യബസോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മത്തായി മാഞ്ഞൂരാന്‍ സ്മാരക സമിതി മാനേജിങ് ട്രസ്റ്റി കൂടിയാണ് ജോയ് ശാസ്താംപടിക്കല്‍.

പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ.വി.ഡാനിയല്‍ പുരസ്‌കാരം, കോഴിക്കോട്ടെ മൊയ്തുമൗലവി പുരസ്‌കാരം ഉള്‍പ്പെടെ ഏറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു പത്രപ്രവര്‍ത്തകന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 
മലയാള മനോരമ പാലക്കാട് യൂണിറ്റില്‍ റസിഡന്റ് എഡിറ്ററായിരിക്കെ 73 ാം വയസ്സില്‍ 2011 ഡിസ. ഒന്നിന് അന്തരിച്ചു.