T. V. K
സിലോണ്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ നവശക്തിയിലൂടെയായിരുന്നു 1948-50 കാലഘട്ടത്തില്‍ ടി.വി.കെയുടെ രംഗപ്രവേശം. കേരളത്തിലെ ഒഞ്ചിയം വെടിവെയ്പ്, മൊയാരത്ത് ശങ്കരന് കൊലക്കേസ് തുടങ്ങിയവ വിശദമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ ഏക മലയാള പത്രമായിരുന്നു നവശക്തി. സേലം വെടിവെയ്പ്പിനെ കുറിച്ച് ടി.വി.കെ നവശക്തിയില്‍ എഴുതിയ രക്തം എന്ന കവിത അക്കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു.
എ.കെ തങ്കപ്പനും കെ.പി.ജി. യുമായിരുന്നു ടി.വി.കെ.ക്ക് കൂട്ടുണ്ടായിരുന്ന പത്രപ്രവര്‍ത്തകര്‍. നവശക്തി നിരോധിച്ചപ്പോള്‍വന്ന ജനശക്തിയിലും ടി.വി.കെ എഴുതി. കെ. രാമനാഥന്റെ പത്രാധിപത്യത്തില്‍ ദേശാഭിമാനി തമിഴ് പത്രം പുറത്തുവന്നപ്പോള്‍ ടി.വി.കെ. തൂലിക ചലിപ്പിച്ചു. 1953 ആദ്യത്തില്‍ പാര്‍ട്ടിപ്രസിദ്ധീകരണമായ നവയുഗത്തിലും ടി.വി.കെ. നിറഞ്ഞുനിന്നു. അറുപതുകളില്‍ ദേശാഭിമാനി റിപ്പോര്‍ട്ടറായതോടെയാണ് ടി.വി.കെ. സാഹസികത കാണിച്ചത്. വാര്‍ത്ത ശേഖരിക്കാന്‍ അതിസാഹസികതയോടെ എവിടെ ചെല്ലാനും സന്നദ്ധനായിരുന്നു അദ്ദേഹം. ആരുമറിയാതെ ഒരു രാഷ്ട്രീയ സഖ്യം രൂപപെടുന്ന കോഴിക്കോട് ബീച്ചിലെ ഹോട്ടലിന്റെ മതില് ചാടിയതും പട്ടികള്‍ ദേശഭിമാനി വരെ പിന്നാലെ ഓടിയതുമൊക്കെ അദ്ദേഹം അനുഭവക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.