Victor George
കോട്ടയം ജില്ലയിലെ കാണക്കാരിക്കടുത്തുള്ള പട്ടിത്താനത്ത് വി.ജോര്‍ജിന്റെയും തെരേസയുടെയും ഇളയ മകനായി വിക്റ്റര്‍ ജോര്‍ജ് 1955 ഏപ്രില്‍ പത്തിന് ജനിച്ചു. ബാല്യത്തില്‍ ഫുട്ബോള്‍ കളിയോടായിരുന്ന കമ്പം. കുറവിലങ്ങാട് ദേവമാതാ കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. സഹോദരന് വിന്‍സെന്റില്‍നിന്ന് ഇക്കാലത്താണ് വിക്റ്ററിലേക്ക് ഫോട്ടോഗ്രാഫിപ്രേമം പകര്‍ന്നത്.
പഠനം കഴിഞ്ഞതോടെ വിക്റ്റര്‍ ഫോട്ടോഗ്രാഫി ഒരു പ്രൊഫഷനായി സ്വീകരിച്ചുകഴിഞ്ഞിരുന്നു. വേറിട്ട കാഴ്ചകള്‍ കണ്ടെത്താനുള്ള ഒരു കണ്ണ് തനിക്കുണ്ടെന്ന് വിക്റ്റര്‍തന്നെ ഇക്കാലത്ത് കണ്ടെത്തുന്നുണ്ട്. 1981 ല്‍ മനോരമയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ചേര്‍ന്നതോടെ വിക്റ്റര്‍ ചിത്രങ്ങള്‍ സാധാരണക്കാരും തിരിച്ചറിയുകയായി. 1985-90 കാലത്ത് മനോരമയുടെ ഡല്‍ഹി ബ്യൂറോവിലായിരുന്നു. അക്കാലത്ത് ഉത്തരേന്ത്യയിലെ ഏറെ അറിയപ്പെടാത്ത മൂലകളില്നിന്നുള്ള ചിത്രങ്ങള്‍ മലയാളികളിലേക്കെത്തിയിരുന്നു. 1990ല്‍ കോട്ടയം ബ്യൂറോയില്‍ തിരിച്ചെത്തി. പരിസ്ഥിതിയും കുട്ടികളും വൃദ്ധരും ആനകളും കലാലയങ്ങളും മേഘങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നു. വ്യത്യസ്ത കോമ്പൊസിഷനുകള്‍ കൊണ്ട് ഫോട്ടോകളെ വിക്റ്റര്‍ കലാരൂപങ്ങളായി ഉയര്‍ത്തി. 1985 ല്‍ ഡല്‍ഹി നാഷനല്‍ ഗെയിംസിന്റെ നീന്തല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ എഴുനേറ്റുനിന്ന് മകളെ പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ ചിത്രം ബള്‍ഗേറിയന്‍ രാഷ്ട്രാന്തര അവാര്‍ഡിന് അര്‍ഹമായി. ദേശീയ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് (1986), സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യാ അവാര്‍ഡ് (1987), പ്രസ് ഫോട്ടോഗ്രാഫേഴ്സ് ഓഫ് ഇന്ത്യയുടെ ദേശീയ അവാര്‍ഡുകള്‍, ബുഡാപെസ്റ്റ് അന്തര്‍ദ്ദേശീയ അവാര്‍ഡ് തുടങ്ങിയവ അദ്ദേഹത്തെ തേടിവന്ന നിരവധി അവാര്‍ഡുകളില്‍ ചിലതുമാത്രമാണ്.
മഴച്ചിത്രങ്ങള്‍ തേടിയുള്ള യാത്രക്കിടയില്‍ ഇടുക്കി വെള്ളിയാനി മലയിലെ ഉരുള്‍പൊട്ടല്‍ പകര്‍ത്തവെ ഉണ്ടായ അത്യാഹിതത്തില്‍ വിക്റ്റര്‍ ജോര്‍ജ് 2001 ജുലൈ 9ന് മരിച്ചു. ലില്ലിയാണ് ഭാര്യ. അശ്വതി, നീല്‍ എന്നിവര്‍ മക്കളും.